സുലൈമാനിയുടെ ഖബറടക്കല്‍ ചടങ്ങില്‍ പതിനായിരങ്ങള്‍; അമേരിക്കയ്ക്ക് ചുട്ട മറുപടി കൊടുക്കണമെന്ന് ജനക്കൂട്ടം

Thousands of mourners join Soleimani funeral in Baghdad

ബഗ്ദാദ്: അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി, ഇറാഖി പാരാമിലിറ്ററി കമാന്‍ഡര്‍ അബൂ മഹ്ദി അല്‍ മുഹന്‍ദിസ് തുടങ്ങിയവരുടെ ഖബറടക്കല്‍ ചടങ്ങിനെത്തിയത് പതിനായിരങ്ങള്‍. കറുപ്പ് വസ്ത്രങ്ങളണിഞ്ഞ് അര്‍ധസൈനിക വിഭാഗമായ ഹഷ്ദ് അല്‍ ശഅബിയുടെ(പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ്) പതാകകളുമായാണ് ഖാദിമിയയിലെ ശിയാ ഖബര്‍സ്ഥാനില്‍ ജനങ്ങള്‍ ഒത്തുകൂടിയത്.

ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സായ ഖുദ്‌സ് ഫോഴ്‌സിന്റെ മേധാവി വെള്ളിയാഴ്ച്ചയാണ് ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കൊല്ലപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ ഡോണള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമായിരുന്നു ആക്രമണം. സുലൈമാന്റെ ഉപദേഷ്ടാവും ഇറാഖ് പിഎംഎഫ് കമാന്‍ഡറുമായ അബൂ മഹ്ദി അല്‍ മുഹന്‍ദിസ് ഉള്‍പ്പെടെ മറ്റ് അഞ്ചുപേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഇറാഖിലും സിറയയിലും ഉള്ള കത്താഇബ് ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്ന് ഹഷ്ദ് അംഗങ്ങള്‍ കഴിഞ്ഞ ദിവസം ബഗ്ദാദിലെ യുഎസ് എംബസിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചിരുന്നു. അല്‍ മുഹന്‍ദിസും ജനക്കൂട്ടത്തോടൊപ്പം ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് അമേരിക്കയുടെ ആക്രമണം.

ഖബറടക്കല്‍ ചടങ്ങിന് ശേഷം പിഎംഫ് അനുയായികള്‍ സര്‍ക്കാര്‍ ഓഫിസുകളും വിദേശ എംബസികളും ഉള്‍ക്കൊള്ളുന്ന ഗ്രീന്‍സോണില്‍ മാര്‍ച്ച് നടത്തി. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി, മുന്‍ ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലികി, ശിയാ പണ്ഡിതന്‍ അമ്മാര്‍ അല്‍ ഹാക്കിം, ഹിക്മ പാര്‍ലമെന്ററി ബ്ലോക്ക് നേതാവ് ഫാലിഹ് ഫയ്യാദ് തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

അമേരിക്കയുടെ കാടത്തത്തിന് ചുട്ടമറുപടി നല്‍കണമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ശക്തമായ പ്രതികരണമുണ്ടാവുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കും ഇസ്രായേലിനും നേരെ കടുത്ത പ്രതികാര നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

Content Highlight: Thousands of mourners join Soleimani funeral in Baghdad