Thursday, September 16, 2021
Home News International ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധമുപേക്ഷിച്ച് അമേരിക്ക

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധമുപേക്ഷിച്ച് അമേരിക്ക

വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക പൂര്‍ണമായും ഉപേക്ഷിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് 19 പ്രതിരോധിക്കുന്നതില്‍ സംഘടന പരാജയപ്പെട്ടുവെന്നാണ് ട്രംപിന്റെ ആരോപണം. ലോകാരോഗ്യ സംഘടനക്കുള്ള ഫണ്ടിങ് നിര്‍ത്തിവച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

ലോകാരോഗ്യ സംഘടന ചൈനയുടെ പാവയാണെന്ന ആരോപണം ട്രംപ് ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സംഘടനക്കുള്ള ഫണ്ടിങ് നിര്‍ത്തിവെക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

അമേരിക്ക 450 ദശലക്ഷം ഡോളറാണ് വര്‍ഷം ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍, 40 ദശലക്ഷം ഡോളര്‍ നല്‍കുന്ന ചൈന സംഘടനയെ പൂര്‍ണമായും നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. ലോകാരോഗ്യസംഘടന തങ്ങള്‍ ആവശ്യപ്പെട്ട പരിഷ്‌കാരങ്ങള്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ അവരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകം ആവശ്യപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ലോകാരോഗ്യസംഘടന പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. ചൈനയില്‍ ആദ്യമായി വൈറസ് കണ്ടെത്തിയപ്പോള്‍ ലോകാരോഗ്യ സംഘടന ലോകത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും ട്രംപ് കുറ്റപ്പെടുത്തി.

ട്രംപ് അധികാരമേറ്റതു മുതല്‍ യുഎന്നുമായുള്ള ബന്ധം വഷളായിരുന്നു. യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍, യുനെസ്‌കോ തുടങ്ങിയവയില്‍ നിന്ന് അമേരിക്ക പിന്മാറിയത് ട്രംപ് പ്രസിഡന്റായതിന് പിന്നാലെയാണ്. യുഎന്നുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര അന്താരാഷ്ട്ര ബോഡിയാണ് ലോകാരോഗ്യ സംഘടന.

Trump says terminating US relationship with WHO over virus


 

Most Popular