ഇസ്താംബൂള്‍: ലോകത്തെ വാസ്തു ശില്‍പ്പ അല്‍ഭുതങ്ങളില്‍ ഒന്നായ ഹാഗിയ സോഫിയയില്‍ ഒമ്പതു പതിറ്റാണ്ടുകള്‍ക്കിപ്പുറം വീണ്ടും ബാങ്കുവിളി മുഴങ്ങും. ആറാം നൂറ്റാണ്ടിലെ ബൈസന്റൈന്‍ സ്മാരകമായിരുന്ന ഹാഗിയ സോഫിയയുടെ മ്യൂസിയം എന്ന പദവി തുര്‍ക്കി ഉന്നത കോടതി കഴിഞ്ഞ ദിവസം എടുത്തു കളഞ്ഞു.
ദൈവ വിധിയുണ്ടെങ്കില്‍ ജൂലൈ 24ന് വെള്ളിയാഴ്ച്ച ഹാഗിയ സോഫിയ നമസ്കാരത്തിനായി തുറന്നു കൊടുക്കും. നാമെല്ലാവരും അവിടെ ഒരുമിച്ച് പ്രാര്‍ഥിക്കും- കോടതി വിധിക്കു തൊട്ടുപിന്നാലെ ഉര്ദുഗാന് പ്രഖ്യാപിച്ചു. രാജ്യത്തെ മറ്റ് എല്ലാ പള്ളികളെയും പോലെ ഇതര മതസ്ഥര്‍ക്കും വിദേശികള്‍ക്കും ഹാഗിയ സോഫിയയില്‍ പ്രവേശനം അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇസ്താംബൂളില്‍ സ്ഥിതി ചെയ്യുന്ന ഹാഗിയ സോഫിയ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന മ്യൂസിയമാണ്. ആറാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഹാഗിയ സോഫിയ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കത്രീഡല്‍ ആയിരുന്നു. തുടര്‍ന്ന് 1453 ല്‍ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ വരവോടെ മസ്ജിദാക്കി മാറ്റി. പിന്നീട് 1934ല്‍ ആണ് മന്ത്രിസഭാ തീരുമാനത്തിലൂടെ മ്യൂസിയമാക്കി പ്രഖ്യാപിച്ചത്.
ഉര്‍ദുഗാന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആയിരക്കണക്കിന് തുര്‍ക്കികള്‍ തുര്‍ക്കിഷ് പതാകയുമായി ഹാഗിയ സോഫിയക്കു മുന്നില്‍ ഒത്തുകൂടി. ചങ്ങലകള്‍ പൊട്ടി, ഹാഗിയ സോഫിയ വീണ്ടും തുറന്നു-അവര്‍ ആര്‍ത്തുവിളിച്ചു. നൂറുകണക്കിന് പേര് ഹാഗിയ സോഫിയക്കു പുറത്ത് സായാഹ്ന പ്രാര്‍ഥന നടത്തി.
അതേസമയം, തുര്‍ക്കി സര്‍ക്കാറിന്റെ നടപടിയില്‍ യുനെസ്കോ ഖേദം പ്രകടിപ്പിച്ചു. ഉര്‍ദുഗാന്റെ നടപടിയെ എതിര്‍ത്ത് ക്രിസ്ത്യന്‍ സമൂഹവും അയല്‍ രാജ്യമായ ഗ്രീസും രംഗത്തെത്തി. അമേരിക്കയും റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചും അനിഷ്ടം പ്രകടിപ്പിച്ചു.
Turkey turns Hagia Sophia back to mosque