
ട്രംപിന്റെ ട്വീറ്റുകള്‍ മുഴുവന്‍ തള്ളെന്ന് ട്വിറ്റര്‍; സോഷ്യല്‍ മീഡിയ പൂട്ടിക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റൂകള് നുണയെന്ന് മുന്നറിയിപ്പ് നല്കി ട്വിറ്റര്‍. ഇതാദ്യമാണ് ഇത്തരമൊരു സംഭവം. മെയില്‍ ഇന്‍ ബാലറ്റ്(ഇമെയില്‍ സംവിധാനം വഴി ബാലറ്റുകള്‍ എത്തിക്കുന്ന പ്രക്രിയ) തട്ടിപ്പിന് വഴിവയ്ക്കുമെന്നും ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്ക് ഇടയാക്കുമെന്നുമുള്ള ട്രംപിന്റെ ട്വീറ്റാണ് വിവാദമായത്.
ട്രംപിന്റെ ട്വീറ്റുകള്‍ക്ക് താഴെ, ഇത് അടിസ്ഥാന രഹിതമാണെന്നും മെയില്‍ ഇന്‍ ബാലറ്റുകളെക്കുറിച്ചുള്ള വസ്തുതകള്‍ അറിയാന്‍ സിഎന്‍എന്‍, വാഷിങ്ടണ്‍ പോസ്റ്റ് എന്നിവയുടെ ലിങ്ക് കാണുക എന്ന് കുറിക്കുകയാണ് ട്വിറ്റര്‍ ചെയ്തത്. മെയിന്‍ ഇന്‍ ബാലറ്റ് വോട്ട് തട്ടിപ്പിന് കാരണമാവില്ലെന്ന് ഫാക്ട് ചെക്കര്‍മാര്‍ വ്യക്തമാക്കിയിട്ടണ്ടെന്നും ട്വിറ്റര്‍ ട്രംപിന്റെ ട്വീറ്റിന് അടുക്കുറിപ്പ് നല്കി.
മറ്റുള്ളവരെ ആക്ഷേപിക്കാനും ഗൂഡാലോചന സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും സ്ഥിരമായി ട്വിറ്റര്‍ ഉപയോഗിക്കുന്നയാളാണ് ട്രംപ്. 80 ദശലക്ഷം ഫോളോവേഴ്സ് ഉള്ളതാണ് ട്രംപിന്റെ ട്വിറ്റര്‍ ഐടി. ട്രംപിന്റെ തള്ളുകള്‍ പരിധി വിട്ടതോടെയാണ് ട്വിറ്റര്‍ ഇടപെട്ടത്.
അതേ സമയം, ട്വിറ്റര്‍ വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ പുതിയ നിയമനിര്‍മാണം കൊണ്ടുവരുമെന്നും കമ്പനികള്‍ പൂട്ടിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.
ശക്തമായ നിയമനിര്‍മാണം കൊണ്ടുവരികയോ അവരെ പൂട്ടിക്കുകയോ ചെയ്യുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. നിശ്ശബ്ദരാക്കാനാണ് ശ്രമം. 2016ല്‍ അവര്‍ അതിന് ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തത് നാം കണ്ടു. അതിന്റെ പുതിയ പതിപ്പുകള്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാ. മെയില്‍ ഇന്‍ ബാലറ്റുകള്‍ ചതിയാണെന്നും കള്ളത്തരമാണെന്നുമുള്ള ആരോപണം ട്രംപ് ആവര്‍ത്തിച്ചു.
ട്വിറ്റര്‍ 2020 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്നും. പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ഇതിന് അനുവദിക്കില്ലെന്നും ഡൊണാള്‍ഡ് ട്രംപ് ഇതിനോട് നേരത്തെ പ്രതികരിച്ചിരുന്നു. ട്വിറ്ററിന് വ്യക്തമായ രാഷ്ട്രീയ പക്ഷപാതമുണ്ടെന്നും മാസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പരസ്യങ്ങളെല്ലാം പിന്‍വലിപ്പിച്ചുവെന്നും ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജര്‍ ബ്രാഡ് പാര്‍സ്കേല്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ട്രംപ് പുതിയ ഭീഷണി മുഴക്കിയത്.
Twitter labelled two Donald Trump tweets “unsubstantiated”