Wednesday, January 19, 2022
HomeNewsInternationalഅഫ്ഗാന്‍ രക്ഷാദൗത്യ വിമാനം റാഞ്ചിയെന്ന വാര്‍ത്ത തള്ളി ഉക്രൈന്‍

അഫ്ഗാന്‍ രക്ഷാദൗത്യ വിമാനം റാഞ്ചിയെന്ന വാര്‍ത്ത തള്ളി ഉക്രൈന്‍

കീവ്: അഫ്ഗാനിസ്താനില്‍ ഒഴിപ്പിക്കലിന് എത്തിയ ഉക്രൈന്‍ വിമാനം റാഞ്ചി എന്ന വാര്‍ത്ത ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയവും ഇറാന്‍ ഏവിയേഷനും നിഷേധിച്ചു. ഉക്രൈന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യേവ്ജെനി യാനിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റാഞ്ചിയ വിമാനം പിന്നീട് ഇറാനില്‍ ഇറക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയം തന്നെ ഇപ്പോള്‍ വാര്‍ത്ത തള്ളി രംഗത്തെത്തിയിരിക്കുകയാണ്

ഇന്നലെ രാത്രി ഉക്രൈന്‍ വിമാനം ഇന്ധനം നിറയ്ക്കുന്നതിന് ഇറാനിലെ മഷ്ഹദില്‍ നിര്‍ത്തിയിരുന്നു. പിന്നീട് വിമാനം ഉക്രൈയിനിലേക്ക് പോവുകയായിരുന്നുവെന്ന് ഇറാന്‍ വ്യോമയാന വക്താവ് പറഞ്ഞു. വിമാനം ഇപ്പോള്‍ കീവില്‍ ഇറങ്ങിയിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാനിസ്താനില്‍നിന്ന് ഉക്രൈന്‍ പൗരന്മാരെ ഉള്‍പ്പെടുത്താതെ, ആയുധധാരികളായ ഒരു കൂട്ടം ആളുകള്‍ വിമാനം റാഞ്ചി എന്നായിരുന്നു ന്യൂസ് ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തത്. വിമാനം കണ്ടെത്താന്‍ വേണ്ടി ഉക്രൈന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും യേവ്ജെനി യാനിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് ഇറാന്‍ വ്യോമയാന വിഭാഗവും ഉക്രൈനും രംഗത്തെത്തിയത്.

31 ഉക്രൈന്‍ പൗരന്മാരടക്കം 83 പേരടങ്ങുന്ന അഫ്ഗാനിസ്താനില്‍നിന്നുള്ള വിമാനം ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ എത്തി. 12 സൈനിക ഉദ്യോഗസ്ഥരും തിരിച്ചെത്തിയിട്ടുണ്ട്.
ALSO WATCH

Most Popular