മക്ക: ഉംറയും ത്വവാഫും മസ്ജിദുല്‍ ഹറാമില്‍ നമസ്കാരവും ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. പള്ളിയിലേക്ക് വരുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം സാമൂഹിക അകലം, മാസ്ക് ധരിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ ഉണ്ടാവും. പ്രവേശന കവാടത്തില്‍ വ്യക്തി വിവരങ്ങളും നല്‍കേണ്ടിവരും.
കോവിഡ് രോഗികള്‍ക്കും 14 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങളുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും പ്രവേശനമുണ്ടാകില്ല. കൂടുതല്‍ പേരെത്തുന്നത് നിയന്ത്രിക്കുന്നതിന് തവക്കല്‍നാ ആപ് വഴി തസ്രീഹ് എടുക്കേണ്ടിവരും. ഇതിനുളള സൗകര്യം ആപില്‍ ഉടന്‍ ഏര്‍പ്പെടുത്തും. നിലവില്‍ മക്കയില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെ മക്ക നിവാസികള്‍ക്കും തസ് രീഹ് ഉള്ളവര്‍ക്കും മാത്രമേ പ്രവേശനമുള്ളൂ.
കിംഗ് ഫഹ്ദ് വാതിലിലൂടെയാണ് മതാഫിലേക്ക് പ്രവേശനം നല്‍കുക. ജിസ്റുന്നബി, സഫാ ഭാഗം വഴി പുറത്തിറങ്ങാം. 94, 89 വാതിലുകള്‍ വഴി ഇഹ്റാമിലല്ലാത്തവര്ക്ക് പ്രവേശിക്കാം. മതാഫില്‍ ഇഹ്റാമിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. കിംഗ് ഫഹദ്, കിംഗ് അബ്ദുല്ല വികസന ഭാഗങ്ങളിലാണ് നമസ്കാരം നടക്കുക.
ഗ്രൗണ്ട്, രണ്ട്, മുകള്‍ ഭാഗം എന്നിവ ത്വവാഫുകാര്ക്കും ഒന്നാം നില വയോജനങ്ങള്‍ക്കും ഭിന്ന ശേഷിക്കാര്ക്കുമാണ്. മതാഫില്‍ ബാരിക്കേഡ് ഉപയോഗിച്ച് മുന്നു പാതകള്‍ ഒരുക്കും.