Thursday, June 17, 2021
Home News International ഗസയിലേക്ക് യു എന്നിന്റെ സഹായ പ്രവാഹം;ഭക്ഷണവും മരുന്നുകളുമായി ട്രക്കുകളെത്തി

ഗസയിലേക്ക് യു എന്നിന്റെ സഹായ പ്രവാഹം;ഭക്ഷണവും മരുന്നുകളുമായി ട്രക്കുകളെത്തി

വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസയിലേക്ക് സഹായങ്ങള്‍ എത്തിത്തുടങ്ങി. മരുന്നുകള്‍, ഭക്ഷണം, ഇന്ധനം എന്നിവ അടങ്ങിയ യുഎന്‍ ട്രക്കുകളാണ് ഗസയിൽ എത്തിയത്. വ്യോമാക്രമണത്തെ തുടര്‍ന്ന് വീടുവിട്ടുപോയ ആയിരക്കണക്കിന് ഫലസ്തീനികള്‍ സ്വന്തം വീടുകളില്‍ എത്തിത്തുടങ്ങിയതായി ബിബിസി റിപോര്‍ട് ചെയ്തു. ഗാസയിലെ ആശുപത്രികളടക്കം ഇസ്രായേല്‍ തകര്‍ത്തിരുന്നു. ബാക്കിയുള്ള 13 ആരോഗ്യകേന്ദ്രങ്ങളാവട്ടെ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടേക്ക് അടിയന്തിരമായി മരുന്നുകളും ആരോഗ്യപ്രവര്‍ത്തകരും എത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.

വീടുകളിലേക്ക് തിരിച്ചു വന്നവരുടെ അവസ്ഥ ദയനീയമാണെന്ന് അല്‍ ജസീറ റിപോര്‍ട് ചെയ്തു. വെള്ളമോ വൈദ്യുതിയോ പാചകവാതകമോ ഇല്ലാതെ അങ്ങേയറ്റം ബുദ്ധിമുട്ടിലാണ് ഇവര്‍. അതിനിടെ, ഒരു ലക്ഷത്തോളം പേര്‍ വീടു വിട്ട് പോവേണ്ടിവന്നുവെന്നും ഇവരില്‍ എണ്‍പതിനായിരം പേര്‍ക്ക് പൈപ്പ് വെള്ളം കിട്ടാക്കനിയാണെന്നും യുനിസെഫ് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

തകര്‍ന്ന ഗസയുടെ പുനരുദ്ധാരണത്തിന് ഇനിയും ഏറെ കാലമെടുക്കുമെന്നാണ് കരുതുന്നത് . കോവിഡ് കൂടി വ്യാപിച്ചിരിക്കെ, ഇതിനകം തകര്‍ന്നടിഞ്ഞ ഗസ്സയിലെ ജീവിതം പഴയപടിയാക്കാന്‍ കോടിക്കണക്കിന് ഡോളറുകള്‍ ആവശ്യമായി വരുമെന്നും ഹമാസ് അറിയിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ ആയിരത്തിലേറെ വീടുകള്‍ തകര്‍ന്നതായും 1800 വീടുകള്‍ വാസയോഗ്യമല്ലാതായാതായും കഴിഞ്ഞ ദിവസം ഹമാസ് അറിയിച്ചിരുന്നു. പതിറ്റാണ്ടിലേറെയായി ഗാസ ഉപരോധത്തിന്റെ നിഴലിലാണ്. ആയുധം എത്തുന്നത് തടയാനെന്ന് പറഞ്ഞ് ഗാസയിലേക്ക് ആളുകളും സാധനങ്ങളും എത്തുന്നത് ഇസ്രായേലും ഈജിപ്തും തടഞ്ഞുവെച്ചിരിക്കുകയാണ്. ഇസ്രായേല്‍ ആക്രമണങ്ങളില്‍ വീടില്ലാതായ ആയിരക്കണക്കിനാളുകള്‍ക്ക് അഭയസ്ഥാനം ഉണ്ടാക്കണമെന്ന് യു എന്‍ അഭയാര്‍ത്ഥി ഏജന്‍സി ആവശ്യപ്പെട്ടു.

Most Popular