ദോഹ: പരസ്പര ബഹുമാനത്തോടെയുള്ള ഉപാധികളില്ലാത്ത ചര്‍ച്ചയാണ് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള വഴിയെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. അതിന്റെ ആദ്യ പടി ഉപരോധം അവസാനിപ്പിക്കലാണെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. 75ാമത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിരഹിതമായ ഉപരോധം ആരംഭിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഖത്തര്‍ ഒരിക്കല്‍ പോലും പുരോഗതിയുടെയോ വികസനത്തിന്റെയോ പാതയില്‍ നിന്ന് ഒട്ടും പിറകോട്ട് പോയില്ല. ഉപരോധത്തിലായിട്ടും വ്യത്യസ്ത അന്താരാഷ്ട്ര പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ ഖത്തര്‍ സജീവമായി പങ്ക് വഹിക്കുന്നതു തുടരുന്നു-അമീര്‍ പറഞ്ഞു.
ഉപരോധ നാളുകളിലുടനീളം രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുക, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക തുടങ്ങിയ അന്താരാഷ്ട്ര നിയമങ്ങളും യുഎന്‍ ചാര്‍ട്ടറും പാലിച്ചു കൊണ്ടാണ് ഖത്തര്‍ മുന്നോട്ട് പോയത്.
രാജ്യത്തെ ജനതയോട് ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്തം നമുക്കുണ്ട്. പൊതു താല്പര്യങ്ങളുടെയും പരമാധികാരം ബഹുമാനിച്ചും കൊണ്ടുമുള്ള ഉപാധികളില്ലാത്ത ചര്‍ച്ചയാണ് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള പോംവഴി. ഗള്‍ഫ് പ്രതിസന്ധി ആരംഭിച്ചത് നിയമവിരുദ്ധമായ ഉപരോധത്തിലൂടെയാണ്. അതുകൊണ്ട് തന്നെ ആ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ആദ്യ പടി ഉപരോധം അവസാനിപ്പിക്കുക എന്നതാണ് -അമീര്‍ പറഞ്ഞു.
Unconditional dialogue the way to solve Gulf crisis, lifting blockade first step: Amir