Friday, October 7, 2022
HomeNewsInternationalഅവസാന അമേരിക്കന്‍ സൈനികനും കാബൂള്‍ വിട്ടു; സ്വാതന്ത്ര്യം ആഘോഷിച്ച് താലിബാന്‍

അവസാന അമേരിക്കന്‍ സൈനികനും കാബൂള്‍ വിട്ടു; സ്വാതന്ത്ര്യം ആഘോഷിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ രണ്ടു പതിറ്റാണ്ട് നീണ്ട അധിനിവേശം അവസാനിപ്പിച്ച് അമേരിക്ക. താലിബാന്‍ മുന്നേറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ യുഎസിന്റെ അവസാന വിമാനവും അഫ്ഗാന്‍ വിട്ടു. അമേരിക്കന്‍ അംബാസഡര്‍ റോസ് വില്‍സണ്‍ അടക്കമുള്ളവര്‍ യുഎസിലേക്ക് തിരിച്ചു. ഇതോടെ രണ്ട് പതിറ്റാണ്ട നീണ്ട പോരാട്ടത്തിനൊടുവില്‍ കാബൂള്‍ വിമാനത്താവളത്തിന്റെയും അഫ്ഗാനിസ്താന്റെയും പൂര്‍ണ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു.

അമേരിക്കയുടെ പിന്മാറ്റം ആകാശത്തേക്ക് വെടിയുതിര്‍ത്ത് താലിബാന്‍ ആഘോഷമാക്കി. അഫ്ഗാനിസ്താനിലെ താലിബാന്റെ വിജയം മറ്റ് അധിനിവേശ ശക്തികള്‍ക്കുള്ള പാഠമാണെന്ന് താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു. ‘അഫ്ഗാനിസ്താന് അഭിനന്ദനങ്ങള്‍, ഈ വിജയം നമ്മുടേതാണ്.’ കാബൂള്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഎസും മറ്റു രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു. നല്ല നയതന്ത്ര ബന്ധങ്ങളെ സ്വാഗതം ചെയ്യുന്നു. എല്ലാവരുമായും ‘സൗമ്യമായ’ ഇടപെടലാകും ഉണ്ടായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ദോഹ ഉടമ്പടി പ്രകാരം ആഗത് 31നകം അഫ്ഗാന്‍ മണ്ണ് വിടുമെന്ന യുഎസ് പ്രഖ്യാപനമാണ് ഇതോടെ പൂര്‍ത്തിയായത്. പ്രാദേശിക സമയം ആഗസ്ത് 30 ഉച്ചയ്ക്ക് 3.29നാണ് കാബൂളില്‍നിന്ന് യുഎസിന്റെ അവസാന സി17 വിമാനം പറന്നുയര്‍ന്നത്. അഫ്ഗാനില്‍നിന്ന് പുറത്തുപോകാന്‍ കാത്തിരുന്ന എല്ലാവരെയും രക്ഷിക്കാനായില്ലെന്നും, എത്ര നാള്‍ തുടര്‍ന്നാലും അതിന് സാധിക്കുകയില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ ഫ്രാങ്ക് മക്കിന്‍സി പറഞ്ഞു. താലിബാന്‍ കാബൂള്‍ പിടിച്ച ആഗസ്ത് 14 മുതല്‍ 1,22,000 പേരെയാണ് അഫ്ഗാനില്‍നിന്ന് പുറത്തെത്തിച്ചത്.

അഫ്ഗാനിസ്താന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെ, ഇനിയുള്ള ദിവസങ്ങളില്‍ താലിബാന്റെ നടപടികളാണ് ലോകം ഉറ്റുനോക്കുന്നത്. രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവരോടുള്ള സമീപനം എന്താകുമെന്ന് വ്യക്തമല്ല. ആരും രാജ്യം വിട്ടുപോവരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍, കൃത്യമായ രേഖകള്‍ ഉള്ളവരുടെ യാത്ര തടസ്സപ്പെടുത്തില്ലെന്നും താലിബാന്‍ നേരത്തേ അറിയിച്ചിരുന്നു.

Most Popular