വാഷിംഗ്ടണ്‍: ഗള്‍ഫില്‍ കൂടുതല്‍ ബോംബര്‍ വിമാനങ്ങള്‍ അമേരിക്ക വിന്യസിച്ചു. പുതുതായി രണ്ട് ബി 52 ബോംബര്‍ വിമാനങ്ങള്‍ കൂടി വിന്യസിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്റ് അറിയിച്ചു. ഇതോടെ രണ്ടു മാസത്തിനുള്ളില്‍ അമേരിക്ക ഗള്‍ഫിലേക്ക് അയക്കുന്ന ബോംബര്‍ വിമാനങ്ങളുടെ എണ്ണം അഞ്ചായി. ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം നില്‍ക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.
മേഖലയുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് യു.എസ് ഭരണകൂടം നല്കുന്ന വിശദീകരണം. അതേസമയം ഇറാനുമായി യുദ്ധം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഇസ്രായേല്‍ വ്യോമാതിര്‍ത്തിയിലൂടെയാണ് ബോംബര്‍ വിമാനങ്ങള്‍ ഗള്‍ഫിലേക്ക് തിരിച്ചത്.