Monday, December 5, 2022
HomeNewsInternationalജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

വാഷിങ്ടണ്‍: അമേരിക്കയുടെ അടുത്ത പ്രസിഡന്റായി ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച്ച നടന്ന തിരഞ്ഞെടുപ്പിലെ നീണ്ട വോട്ടെണ്ണലിനൊടുവിലാണ് ബൈഡന് മാന്ത്രിക സംഖ്യയായ 270 കടക്കാന്‍ കഴിഞ്ഞതെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു. വോട്ടെണ്ണല്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം ഇനിയും വന്നിട്ടില്ല. ഇന്ത്യന്‍ വംശജ കമല ഹാരിസാണ് വൈസ് പ്രസിഡന്‍റ്.

പെന്‍സില്‍വാനിയയില്‍ ബൈഡന്‍ മേല്‍ക്കൈ നേടിയതോടെയാണ് വിജയം ഉറപ്പിച്ചതെന്ന് ബിബിസി റിപോര്‍ട്ടില്‍ പറയുന്നു. അതേ സമയം, പരാജയം സമ്മതിക്കാന്‍ ഒരുക്കമല്ലെന്നാണ് ഇപ്പോഴും ട്രംപ് ക്യാമ്പിന്റെ നിലപാട്. 20 ഇലക്ടറൽ വോട്ടുകൾ കൂടി ലഭിച്ചതോടെ ബൈഡന് 284 വോട്ടുകളായി. 270 വോട്ടുകളാണ് വിജയത്തിന് വേണ്ടിയിരുന്നത്.  റിപബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപിന് നിലവിൽ 214 വോട്ടുകളാണുള്ളത്.

ബൈഡന്റെ വിജയത്തോടെ 1990ന് ശേഷം രണ്ടാം റൗണ്ട് ലഭിക്കാത്ത ആദ്യ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് മാറി. നിലവില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ സ്റ്റേറ്റുകളില്‍ നിന്നുള്ള അനൗദ്യോഗിക ഫലങ്ങളുടെയും വോട്ടെണ്ണല്‍ തുടരുന്ന വിസ്‌കോണ്‍സിനില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഫലത്തിന്റെയും അടിസ്ഥാനത്തിലാണ് ബിബിസി ബൈഡന്റെ വിജയം പ്രഖ്യാപിച്ചിരിക്കുന്നത്.

1900ന് ശേഷമുള്ള ഏറ്റവും കൂടിയ പോളിങാണ് ഇത്തവണ യുഎസില്‍ ഉണ്ടായത്. ഇതില്‍ 73 ദശലക്ഷത്തിലേറെ വോട്ടാണ് ഇതിനകം ബൈഡന്‍ നേടിയത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ നേടുന്ന ഏറ്റവും കൂടിയ വോട്ടാണിത്.

ബറാക് ഒബാമ പ്രസിഡന്റായിരിക്കെ 2009 മുതൽ 2017 വരെ യുഎസ് വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ. 1973 മുതൽ 2009 വരെ ഡെലവെയറിൽനിന്നുള്ള സെനറ്റ് അംഗവുമായിരുന്നു. നിയമ ബിരുദധാരിയായ ബൈഡൻ യുഎസിന്റെ ചരിത്രത്തിലെ ആറാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റർ കൂടിയായിരുന്നു. 1972ൽ ഡെലവെയറിൽനിന്ന് ആദ്യമായി സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ 28 വയസ്സായിരുന്നു അദ്ദേഹത്തിന്. ജിൽ ട്രേസി ജേക്കബ്സാണു ഭാര്യ. നാലു മക്കളുണ്ട്.
US Election 2020: Joe Biden wins the presidency


 

Most Popular