Wednesday, January 26, 2022
HomeNewsInternationalഅമേരിക്കയിലെ ഹിന്ദു ക്ഷേത്രനിര്‍മാണത്തിന് ഇന്ത്യയില്‍ നിന്ന് മനുഷ്യക്കടത്ത്; നൂറുകണക്കിന് ദലിതുകളെയും ആദിവാസികളെയും അടിമപ്പണി എടുപ്പിക്കുന്നു

അമേരിക്കയിലെ ഹിന്ദു ക്ഷേത്രനിര്‍മാണത്തിന് ഇന്ത്യയില്‍ നിന്ന് മനുഷ്യക്കടത്ത്; നൂറുകണക്കിന് ദലിതുകളെയും ആദിവാസികളെയും അടിമപ്പണി എടുപ്പിക്കുന്നു

വാഷിങ്ടണ്‍: ഇന്ത്യയില്‍ നിന്ന് പ്രലോഭിപ്പിച്ച് കൊണ്ടുവന്ന നൂറുകണക്കിന് തൊഴിലാളികളെ തുഛമായ കൂലി നല്‍കി അടിമപ്പണി എടുപ്പിക്കുന്നതായി ആരോപിച്ച് അമേരിക്കയിലെ പ്രമുഖ ഹിന്ദു സംഘടനക്കെതിരേ കേസ്. മെയ് മാസത്തില്‍ നല്‍കിയ കേസില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി പുതുക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.

ബോച്ചസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണന്‍ സന്‍സ്ത(ബിഎപിഎസ്) എന്ന സംഘടനയ്‌ക്കെതിരേയാണ് ഈ വര്‍ഷം മെയില്‍ യുഎസ് ജില്ലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. മനുഷ്യക്കടത്ത്, വേതനം നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് ആരോപണം. ന്യൂജഴ്‌സിയില്‍ നിര്‍മിക്കുന്ന കൂറ്റന്‍ സ്വാമിനാരായണ്‍ ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് മണിക്കൂറിന് ഒരു ഡോളര്‍ മാത്രം നല്‍കി പണിയെടുപ്പിക്കുന്നതായാണ് പരാതി. പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്ത രീതിയിലാണ് ഇവരെ അടിമപ്പണി എടുപ്പിക്കുന്നത്.

അറ്റ്‌ലാന്റ്, ഷിക്കാഗോ, ഹൂസ്റ്റണ്‍, ലോസാഞ്ചലസ്, റോവിന്‍സ് വിലെ, ന്യൂ ജഴ്‌സി എന്നിവടിങ്ങളിലെ ക്ഷേത്ര നിര്‍മാണത്തിന് ഇന്ത്യയില്‍ നിന്ന് മോഹന വാഗ്ദാനങ്ങള്‍ നല്‍കി കൊണ്ടുവന്ന തൊഴിലാളികളെ മാസം 450 ഡോളര്‍ മാത്രം നല്‍കി പണിയെടുപ്പിക്കുന്നതായി പുതിയ പരാതിയില്‍ പറയുന്നു. നൂറു കണക്കിന് പേരെയാണ് ഈ രീതിയില്‍ ചുഷണം ചെയ്യുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.
Swaminarayan temple12018 മുതലാണ് മത വിസ എന്നറിയപ്പെടുന്ന ആര്‍-1 വിസയില്‍ ഇന്ത്യയില്‍ നിന്ന് 200ലേറെ പേരെ കൊണ്ടുവന്നത്. അനുവദനീയമായതിലും എത്രയോ കൂടുതല്‍ മണിക്കൂറുകള്‍ അപകടകരമായ അന്തരീക്ഷത്തിലാണ് ഇവര്‍ പണിയെടുത്തിരുന്നത്.

മെയ് 11ന് ക്ഷേത്രവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എഫ്ബിഐ നടത്തിയ റെയ്ഡില്‍ 200ഓളം തൊഴിലാളികളെ രക്ഷിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗവും ദലിതുകളും ആദിവാസികളും ആയിരുന്നുവെന്ന് ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷനല്‍ അറിയിച്ചു.

തൊഴിലാളികള്‍ക്ക് മണിക്കൂറിന് 1.2 ഡോളര്‍ ആണ് നല്‍കിയിരുന്നത്. അമേരിക്കയിലെ നിലവിലെ നിയമപ്രകാരം മണിക്കൂറിന് 7.25 ഡോളറാണ് നല്‍കേണ്ടത്. 1963ലെ മിനിമം വേതനത്തേക്കാള്‍ കുറവാണ് ക്ഷേത്രം പണിക്ക് തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നതെന്ന് ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷനല്‍ അറിയിച്ചു.

ജനശ്രദ്ധയില്‍ പെടാത്ത നിലയില്‍ ട്രെയിലറുകളിലാണ് തൊഴിലാളികളെ താമസിപ്പിച്ചിരുന്നത്. ദിവസം 13 മണിക്കൂര്‍ പണിയെടുപ്പിച്ചിരുന്നു. വലിയ കല്ലുകള്‍ പൊക്കിയെടുക്കുക, ക്രെയിന്‍ ഉള്‍പ്പെടെയുള്ള കൂറ്റന്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക, റോഡുകളും ഓവുചാലുകളും നിര്‍മിക്കുക, കുഴിയെടുക്കുക തുടങ്ങിയ കടുത്ത ജോലികളാണ് ചെയ്യിച്ചിരുന്നത്. 50 ഡോളര്‍ മാത്രമാണ് ഇവര്‍ക്ക് പണമായി നല്‍കിയിരുന്നത്. ബാക്കി ഇന്ത്യയിലെ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു.

അതേ സമയം, ബിഎപിഎസ് വക്താവ് ലെനിന്‍ ജോഷി ആരോപണങ്ങള്‍ നിഷേധിച്ചു. ഇന്ത്യയില്‍ കൊത്തിയെടുത്ത കല്ലുകള്‍ കൂട്ടിയോജിപ്പിക്കുന്ന പണിയാണ് തൊഴിലാളികള്‍ ചെയ്തിരുന്നത്. പ്രത്യേക കരവിരുത് വേണ്ട ജോലിയാണിത്. വസ്തുതകള്‍ പൂര്‍ണമായും പുറത്തു വന്നാല്‍, ഈ ആരോപണങ്ങള്‍ മുഴുവന്‍ തെറ്റായിരുന്നു എന്ന് വ്യക്തമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ALSO WATCH

Most Popular