Saturday, October 23, 2021
HomeNewsInternationalഅഫ്ഗാനില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ സംഘര്‍ഷം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് താലിബാന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അസദാബാദില്‍ നടന്ന സംഭവം ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് അല്‍ജസീറയാണ് റിപോര്‍ട്ട് ചെയ്തത്.

ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ താലിബാന്‍ പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് വെടിവയ്പ്പുണ്ടായതെന്ന് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ പറയുന്നു. സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Afghan independence day celebration1

അതേസമയം, ജലാലാബാദില്‍ സ്വതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ദേശീയപതാക വീശിയ ജനക്കൂട്ടത്തിന് നേരെ നടന്ന വെടിവയ്പ്പില്‍ കൗമാരക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരെയും ആശുപത്രിയിലേക്കു മാറ്റി. തെക്കന്‍ നഗരമായ ഖോസ്തില്‍ പ്രതിഷേധം തടയാന്‍ താലിബാന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.


കാബൂളിലും ദേശീയപതാകയുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ നടന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധ ജാഥയില്‍ അണിനിരന്നു. അഫ്ഗാന്റെ പഴയ പതാക വീശിയ അവര്‍ ഞങ്ങളുടെ പതാകയാണ് ഞങ്ങളുടെ ഐഡന്റിറ്റിയെന്ന് പ്രഖ്യാപിച്ചു.

അഫ്ഗാന്‍ പതാക
afganistan flag

കറുപ്പും ചുവപ്പും പച്ചയും നിറങ്ങളുള്ള, അഫ്ഗാന്റെ നിലവിലുള്ള ദേശീയ പതാകയ്ക്ക് പകരം ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുറസൂലുല്ലാഹ്(അല്ലാഹു അല്ലാതെ ദൈവമില്ല, മുഹമ്മദ് ദൈവദൂതനാണ്) എന്നെഴുതിയ വെള്ള പതാകയാണ് താലിബാന്‍ ഉപയോഗിക്കുന്നത്. ഇതിനെതിരേ രാജ്യത്തിന്റെ പല ഭാഗത്തും പ്രതിഷേധമുയരുന്നുണ്ട്.

അതേസമയം, അഫ്ഗാന്റെ ദേശീയ പതാക മാറുന്നത് ഇതാദ്യമല്ല. കഴിഞ്ഞ 100 വര്‍ഷത്തിനിടെ ചുരുങ്ങിയത് 18 തവണ അഫ്ഗാന്‍ ദേശീയ പതാക മാറ്റിയിട്ടുണ്ട്. തുടക്കത്തില്‍ കറുപ്പിനകത്ത് വെളുത്ത ചിഹ്നങ്ങളായിരുന്നു അഫ്ഗാന്‍ പതാക. തുടര്‍ന്ന് പല ഘട്ടങ്ങളിലായി കറുപ്പും ചുവപ്പും പച്ചയും നിറത്തിലേക്ക് മാറി. മിക്കപ്പോഴും ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുറസൂലുല്ലാഹ് എന്നത് അഫ്ഗാന്‍ പതാകയില്‍ ഉണ്ടായിരുന്നു.

Most Popular