Thursday, December 2, 2021
HomeNewsInternationalഇന്ത്യയുമായുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധം തുടരുമെന്ന് താലിബാന്‍

ഇന്ത്യയുമായുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധം തുടരുമെന്ന് താലിബാന്‍

കാബൂള്‍: ഉപഭൂഖണ്ഡത്തിലെ സുപ്രധാന രാജ്യമായ ഇന്ത്യയുമായുള്ള രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക ബന്ധം തുടരാന്‍ അഫ്ഗാനിസ്താന്‍ ആഗ്രഹിക്കുന്നതായി താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം താലിബാന്‍ അവസാനിപ്പിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ശനിയാഴ്ച താലിബാന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട 46 മിനിറ്റുള്ള പഷ്തു ഭാഷയിലുള്ള വിഡിയോയിലാണ് താലിബാന്‍ നേതാവ് നിലപാട് വ്യക്തമാക്കിയത്. ശരീഅ അടിസ്ഥാനത്തിലുള്ള ഇസ്‌ലാമിക ഭരണം അഫ്ഗാനില്‍ സ്ഥാപിക്കും. ഇന്ത്യ, പാകിസ്താന്‍, ചൈന, റഷ്യ എന്നീ മേഖലയിലെ പ്രധാന രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന കാര്യം വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.

ഉപഭൂഖണ്ഡത്തിലെ സുപ്രധാന രാജ്യമാണ് ഇന്ത്യ. അവരുമായി മുന്‍കാലത്തെ പോലെതന്നെ സാംസ്‌കാരിക, സാമ്പത്തിക, വ്യാപാര ബന്ധം ഉണ്ടാക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ പാക് മാധ്യമങ്ങളോട് സംസാരിക്കവെ താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനും സബീഉല്ല മുജാഹിദും ഇന്ത്യയുമായുള്ള നിലപാട് സംബന്ധിച്ച് പറഞ്ഞിരുന്നു. എന്നാല്‍, ഇതാദ്യമായാണ് ഒരു ഉന്നതനേതാവ് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം സംബന്ധിച്ച് പ്രസ്താവന നടത്തിയത്.
ALSO WATCH

 

Most Popular