ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നാലും അമേരിക്കയില്‍ കൊറോണ മൂലം രണ്ടര ലക്ഷത്തോളം പേര്‍ മരിക്കുമെന്ന് വൈറ്റ് ഹൗസ്

corona death in usa
അമേരിക്കയിലെ ബ്രൂക്ക്‌ലിന്‍ ഹോസ്പിറ്റല്‍ സെന്ററില്‍ സ്ഥലമില്ലാത്തത് കാരണം മൊബൈല്‍ മോര്‍ച്ചറിയിലേക്കു മാറ്റാന്‍ പുറത്ത് കിടത്തിയിരിക്കുന്ന മൃതദേഹങ്ങള്‍

വാഷിങ്ടണ്‍: നിലവിലുള്ള സാമൂഹിക അകലം പാലിക്കല്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നാലും കൊറോണ വൈറ്‌സ മൂലം രാജ്യത്ത് ഒരു ലക്ഷം മുതല്‍ 2,40,000 വരെ ആളുകള്‍ മരിക്കുമെന്ന് അമേരിക്ക. ചൊവ്വാഴ്ച്ച നടന്ന വൈറ്റ്ഹൗസ് ബ്രീഫിങിലാണ് ഈ വിവരങ്ങള്‍ അവതരിപ്പിച്ചത്. സാമൂഹിക അകലം പാലിക്കല്‍ പാലിച്ചിരുന്നില്ലെങ്കില്‍ 15 ലക്ഷം മുതല്‍ 25 ലക്ഷംവരെ ആളുകള്‍ മരിക്കുമായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ഈ കണക്ക് ഗൗരവമുള്ളതാണെന്നും നാം അതിന് വേണ്ടി ഒരുങ്ങി നില്‍ക്കണമെന്നും ദേശീയ പകര്‍ച്ചവ്യാധി രോഗ വിഭാഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആന്റണി ഫോസി പറഞ്ഞു. മരണസംഖ്യ വല്ലാതെ ഉയരില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണവൈറസ് വ്യാപനത്തിന്റെ വ്യാപ്തി കുറയ്ക്കാനുള്ള അമേരിക്കയുടെ ശ്രമം മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള കളിയാണെന്നും സോഷ്യല്‍ ഡിസ്റ്റന്‍സിങ് ചട്ടങ്ങള്‍ എല്ലാവരും പാലിക്കണമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

നിലവില്‍ കൊറോണ വൈറസ് ബാധ മൂലം അമേരിക്കയില്‍ 3,700 പേരാണ് മരിച്ചത്. 1,86,000 പേര്‍ക്ക് രോഗബാധയുണ്ടായി. രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഏപ്രില്‍ 30 വരെ നീട്ടിയിരുന്നു.

White House projects 100,000 to 240,000 US deaths from coronavirus