തെഹ്റാന്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറആന് പ്രസിഡന്റ് ഇബ്രാഹിം റഈസി അമേരിക്കയുടെയും ഇസ്രായേലിന്റെയും കണ്ണിലെ കരട്. 2019ല്‍ തന്നെ അമേരിക്കയുടെ ഉപരോധ പട്ടികയില്‍പ്പെട്ടയാളാണ് തീവ്രനിലപാടുകാരനായ റഈസി. ആദ്യമായാണ് ഒരു ഇറാന് പ്രസിഡന്റ് അമേരിക്കന്‍ ഉപരോധ പട്ടികയില്‍പ്പെടുന്നത്. ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഈയുടെ വിശ്വസ്തനാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റഈസി. ഖാംനഈയുടെ പിന്‍ഗാമിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇദ്ദേഹത്തെ കാണുന്നത്.
1997 മുതല്‍ ഇറാനില്‍ തെരഞ്ഞെടുപ്പ് മത്സരം പ്രധാനമായും പരിഷ്കരണവാദികളും തീവ്രപക്ഷവും തമ്മിലാണ്. ഇനി ഇറാന്റെ ഭരണചക്രം തീവ്രപക്ഷത്തിന്റെ കൈകളിലായിരിക്കും. പാശ്ചാത്യ രാജ്യങ്ങളെ ശത്രുക്കളായി കാണുന്നവരാണ് ഈ വിഭാഗം. പരിഷ്കരണവാദിയായിരുന്നു നിലവിലെ പ്രസിഡന്റ് ഹസന് റൂഹാനി.
ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 48.8 ശതമാനം പേര് മാത്രമാണ് വോട്ട് ചെയ്തത്. 60കാരനായ റഈസി 61.95 ശതമാനം വോട്ടുകളാണ് നേടിയത്.
അമേരിക്കയുമായുള്ള ആണവ കരാര്‍ പുനരുജ്ജീവിപ്പിച്ച് ഉപരോധ നിഴലില്‍ നിന്ന് രക്ഷപ്പെടാന്‍ ഇറാന് ശ്രമിക്കുന്നതിനിടെയാണ് റഈസിയുടെ തിരഞ്ഞെടുപ്പ്. 2015ലെ ആണവകരാര്‍ കരാറിനെ എതിര്‍ക്കുന്നുണ്ടെങ്കിലും, കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസ്സംനില്ക്കില്ലെന്നായിരുന്നു തെരഞ്ഞെടുപ്പു പ്രചാരണ സമയം റഈസി മാധ്യമങ്ങളോട് പറഞ്ഞത്.
ഇറാന്റെ പുതിയ പ്രസിഡന്റ് അപകടകാരിയാണെന്നാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ഇസ്രായേല്‍ പ്രതികരിച്ചത്. ഇബ്രാഹിം റഈസിയുടെ കീഴില്‍ ഇറാന്റെ അണ്വായുധ പ്രവര്‍ത്തനം ശക്തിപ്രാപിക്കുമെന്നും അന്താരാഷ്ട്ര സമൂഹം ജാഗ്രത പാലിക്കണമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്കുന്നു.
ഇറാന്റെ സാമ്പത്തിക പ്രശ്നം പരിഹരിക്കാനും അഴിമതിക്കെതിരെ പോരാട്ടം നടത്താനും തന്നെ കഴിഞ്ഞേ ആളുള്ളൂ എന്ന ചിന്താഗതിക്കാരനാണ് ഈ 60കാരന്. 1980കളില്‍ രാഷ്ട്രീയത്തടവുകാരെ കൂട്ടമായി തൂക്കിലേറ്റിയ വിവാദസംഭവത്തില്‍ പ്രതിക്കൂട്ടിലാണ് ഇദ്ദേഹം. 5000ത്തോളം തടവുകാര്‍ക്ക് വധശിക്ഷ വിധിച്ച നാലംഗ ജഡ്ജിമാരില്‍ ഒരാളായിരുന്നു റഈസി. 2019ലാണ് റഈസിയെ ഖാംനഈ ജുഡീഷ്യറി മേധാവിയായി നിയമിച്ചത്. മാസങ്ങള്‍ക്കകം മനുഷ്യാവകാശ ലംഘനം ആരോപിച്ച് യു.എസ് ഉപരോധം ഏര്‍പ്പെടുത്തി. ഇറാന് ജനതയ്ക്ക് സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു എന്നായിരുന്നു ഫലം വന്നപ്പോഴുള്ള അമേരിക്കയുടെ പ്രതികരണം. അതേ സമയം, പുതിയ പ്രസിഡന്റിനെ റഷ്യ അഭിനന്ദിച്ചു.
റഈസി അധികാരത്തിലെത്തുന്നതോടെ സമൂഹ മാധ്യമങ്ങള്‍ക്കും വാര്‍ത്ത മാധ്യമങ്ങള്‍ക്കും കടിഞ്ഞാണ്‍ വീഴുമെന്നാണ് വിലയിരുത്തല്‍. ജുഡീഷ്യറിയുടെ ചുമതലയിലാരിക്കേ റഈസി മെസേജിങ് ആപ്പായ സിഗ്നലിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ജനപ്രിയമായ ക്ലബ്ബ് ഹൗസ് ആപ്പിനും പൂട്ട് വീണു. പ്രധാനപ്പെട്ട മിക്ക സോഷ്യല്‍ മീഡിയ, മെസേജിങ് ആപ്പുകള്‍ക്കും ഇറാനില്‍ നിയന്ത്രണമുണ്ട്. ഇന്‍സറ്റഗ്രാം, വാട്ട്സാപ്പ് എന്നിവ മാത്രമാണ് ഒഴിവുള്ളത്.
രാജ്യത്തെ തൊഴിലില്ലായ്മ കുറക്കാനും യു.എസ് ഉപരോധം നീക്കാനും സത്വര നടപടിയെടുക്കുമെന്നായിരുന്നു റഈസിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. യുഎസ് ഉപരോധത്തിനിടെ ശിഥിലമായ ഇറാന്റെ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതില്‍ മുന്‍ഗാമി ഹസന് റൂഹാനി തികഞ്ഞ പരാജയമെന്നാണ് റഈസിയുടെ ആരോപണം. എണ്ണയെ ആശ്രയിക്കുന്നതിനുപകരം സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ വിദേശനിക്ഷേപം വേണമെന്നാണ് റഈസി വാദിക്കുന്നത്.
ALSO WATCH