ന്യൂയോര്‍ക്ക്: ഭൂമിയിലെ എല്ലാ മനുഷ്യരെയും കോടീശ്വരന്മാരാക്കാനുതകുന്ന സമ്പത്ത് കുമിഞ്ഞു കൂടിക്കിടക്കുന്നൊരു ഛിന്ന ഗ്രഹം. അത് സ്വന്തമാക്കാനായാല്‍ എങ്ങിനെയിരിക്കും. സ്വര്‍ണവും വജ്രവും തുടങ്ങി വിലയേറിയ അമൂല്യലോഹ നിക്ഷേപമുള്ള 16 സൈക്കി(16 psyche) എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് വിശദമായ പഠനം നടത്താനൊരുങ്ങുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. സൈക്കി എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്.
ഈ ഛിന്നഗ്രഹത്തിലെ വിലയേറിയ ലോഹങ്ങള്‍ക്ക് 10,000 ക്വാഡ്രില്യണ്‍ ഡോളര്‍ വിലയുണ്ടെന്ന് വിദഗ്ധര്‍ അവകാശപ്പെടുന്നു. സാങ്കേതികമായി ഭൂമിയിലെ ഓരോ വ്യക്തിയെയും ഡോളര്‍ കണക്കില്‍ ശതകോടീശ്വരനാക്കാന്‍ കഴിയുന്നത്ര സ്വത്താണിത്. അരിസോണ സര്‍വകലാശാലയുമായി ചേര്‍ന്ന് നടത്തുന്ന നാസയുടെ ദൗത്യം ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വര്ണ്ണണത്താലും മറ്റ് വിലയേറിയ ലോഹങ്ങളാലും സമ്പന്നമായ 16 സൈക്കി ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിലാണ് സ്ഥിതിചെയ്യുന്നത്. വാള്‍സ്ട്രീറ്റ് ഗവേഷണ സ്ഥാപനമായ ബെര്‍ണ്‍സ്റ്റൈന്‍ മുമ്പ് 16 സൈക്കി എന്ന ഛിന്നഗ്രഹത്തില്‍ 17 ദശലക്ഷം ബില്യണ്‍ ടണ്‍ നിക്കല്‍-ഇരുമ്പ് അടങ്ങിയിരിക്കാമെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യരാശിയുടെ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി നിലവിലുള്ള ആവശ്യം നിറവേറ്റാന്‍ ഇത് മതിയാകും.
2022ല്‍ ഫ്ളോറിഡയില്വച്ചാവും പഠനം നടത്താനുള്ള നാസയുടെ ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം നടക്കുക. മൂന്നര വര്‍ഷം കൊണ്ട് പേടകം സൈക്കിയില്‍ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. തുടര്‍ന്ന് 21 മാസത്തോളം പേടകം സൈക്കിയെ ചുറ്റി നിരീക്ഷണം നടത്തും. ഛിന്നഗ്രഹത്തിലെ പാറക്കൂട്ടങ്ങള്‍ക്കും ഐസ് പാളികള്‍ക്കുമപ്പുറം അതിന്റെ ഉള്ളിലെ ഇരുമ്പ് കാമ്പിനേയും മറ്റ് ലോഹങ്ങളേയും കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് നാസ വ്യക്തമാക്കി. ഇതാദ്യമായാണ് ഇത്തരത്തിലൊരു പഠനം നാസയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
16 സൈക്കിയില്‍ വന്‍തോതില്‍ ലോഹനിക്ഷേപമുണ്ടെന്നാണ് നേരത്തെ നടത്തിയ പരിശോധനകള്‍ വ്യക്തമാക്കുന്നത്. അകക്കാമ്പിലാണ് സ്വര്‍ണത്തിന്റെയും വജ്രത്തിന്റെയും നിക്ഷേപമുള്ളത്.
1852ല്‍ ഇറ്റാലിയന്‍ ബഹിരാകാശ ഗവേഷകനായ അനിബാലെ ഡി ഗാസ്പാരിസാണ് സൈക്കിയെ കണ്ടെത്തിയത്. ചന്ദ്രന്റെ പതിനാറിലൊന്ന് വലുപ്പമാണ് സൈക്കിക്കുള്ളത്.