Monday, October 25, 2021
HomeEdiotrs Pickപാര്‍ക്കില്‍ ചുമ്മാ തിരഞ്ഞ സ്ത്രീക്ക് കിട്ടിയത് അപൂര്‍വ്വ വജ്രം; പാര്‍ക്ക് നിയമപ്രകാരം അത് കിട്ടിയയാള്‍ക്ക് സ്വന്തം

പാര്‍ക്കില്‍ ചുമ്മാ തിരഞ്ഞ സ്ത്രീക്ക് കിട്ടിയത് അപൂര്‍വ്വ വജ്രം; പാര്‍ക്ക് നിയമപ്രകാരം അത് കിട്ടിയയാള്‍ക്ക് സ്വന്തം

അര്‍ക്കന്‍സാസിലെ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ ഇന്നലെ സ്ത്രീക്ക് ലഭിച്ചത് അപൂര്‍വ്വ ഭാഗ്യം. വന്‍വില വരുന്ന 4.38 കാരറ്റ് മഞ്ഞ വജ്രമാണ് വെറുതെ പാര്‍ക്കില്‍ തിരയാനിറങ്ങിയ അവര്‍ക്ക് ലഭിച്ചത്.

ജോലിയില്‍ നിന്നു വിരമിച്ച നോറിന്‍ വ്രെഡ്‌ബെര്‍ഗും ഭര്‍ത്താവ് മൈക്കിളും അവരുടെ ഒഴിവ് സമയം കൂടുതലും ചെലവഴിക്കുന്നത് പാര്‍ക്കുകളിലാണ്. സപ്തംബര്‍ 23ന് അര്‍ക്കന്‍സാസിലെ ഹോട്ട് സ്പ്രിംഗ്‌സ് നാഷണല്‍ പാര്‍ക്കിലെത്തിയ ദമ്പതികള്‍ അടുത്തുള്ള ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്ക് കൂടി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.

പാര്‍ക്കിലെത്തുന്നവര്‍ അവിടെ രത്‌നം തിരയുന്നത് പതിവാണ്. ഒരു മണിക്കൂറോളം തിരഞ്ഞതിന് ശേഷമാണ് വ്രെഡ്‌ബെര്‍ഗ് മണ്ണില്‍ അസാധാരണമായ ഒരു തിളക്കം കണ്ടത്. കൈയിലെടുത്ത് നോക്കിയപ്പോഴാണ് അത് വിലപിടിപ്പുള്ള എന്തോ ആണെന്ന് മനസ്സിലായത്. വ്രെഡ്‌ബെര്‍ഗ് രത്‌നവുമായി പാര്‍ക്കിന്റെ ഡയമണ്ട് ഡിസ്‌കവറി സെന്ററിലെത്തി. പരിശോധിച്ച ശേഷം പാര്‍ക്ക് ജീവനക്കാരാണ് അത് വജ്രമാണെന്ന് പറഞ്ഞത്.

മഞ്ഞ വജ്രത്തിന് എത്രമാത്രം വിലയുണ്ടെന്നതിനെക്കുറിച്ച് വ്യക്തതയില്ല. എന്നാല്‍, ഈ പാര്‍ക്കിലെ നിയമങ്ങള്‍ അനുസരിച്ച് രത്‌നം കണ്ടെത്തുന്നവര്‍ക്ക് അത് സ്വന്തമാക്കാം എന്നതാണ്. അതിനാല്‍ തന്നെ കണ്ടെടുത്ത മഞ്ഞ വജ്രം ഇനി ഡ്‌ബെര്‍ഗിനുള്ളതാണ്. ‘ഇത് ഒരു വജ്രമാണെന്ന് എനിക്കറിയില്ലായിരുന്നു, വളരെ വൃത്തിയുള്ളതും തിളക്കമുള്ളതുമായിരുന്നതിനാലാണ് ഞാന്‍ അത് എടുത്തത്!’ വ്രെഡ്‌ബെര്‍ഗ് പാര്‍ക്ക് ഇന്റര്‍പ്രെട്ടറായ വേമണ്‍ കോക്‌സിനോട് പറഞ്ഞു.

വജ്രത്തിന് ഒരു ജെല്ലിബീനിന്റെ വലുപ്പവും, പിയര്‍ ആകൃതിയും നാരങ്ങയുടെ നിറവുമാണ്. വ്രെഡ്‌ബെര്‍ഗ് തന്റെ ഭര്‍ത്താവിന്റെ പൂച്ചയുടെ പേരും ചേര്‍ത്ത് രത്‌നത്തിന് ‘ലൂസീസ് ഡയമണ്ട്’ എന്ന പേരുമിട്ടു.

പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടുള്ള ലോകത്തിലെ ഏക വജ്ര ഖനിയാണ് അമേരിക്കയിലെ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്ക്. 1906 മുതല്‍ 75,000ലധികം വജ്രങ്ങള്‍ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ALSO WATCH

Most Popular