ഭര്‍ത്താവിനെ കൊന്ന് വെട്ടിനുറുക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു; യമനില്‍ മലയാളി യുവതിക്ക് വധശിക്ഷ

nimishpriya yemen murder

സന്‍ആ: സ്വദേശിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവതിയുടെ വധശിക്ഷ യമനിലെ അപ്പീല്‍ കോടതി ശരിവച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷയാണ് അപ്പീല്‍ കോടതി ശരിവച്ചത്. ഭര്‍ത്താവ് തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്‌സ് ഹനാനെ ജീവപര്യന്തം ശിക്ഷയ്ക്കും വിധിച്ചു. സന്‍ആയിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍ ഉള്ളത്.

നിമിഷ താമസിക്കുന്ന സ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ വെട്ടി നുറുക്കി കഷ്ണങ്ങളാക്കിയ നിലയിലാണ് അബ്ദു മഹ്ദിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ നിമിഷയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നു നടന്ന വിചാരണയിലാണ് കോടതി ശിക്ഷ വിധിച്ചത്. െതാടുപുഴക്കാരനായ ടോമിയെ 2011 ജൂണ്‍ 12ന് നിമിഷ വിവാഹം ചെയ്തിരുന്നു. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹ ശേഷം ഇരുവരും യമനിലേക്ക് ജോലിക്ക് പോവുകയും പിന്നീട് മകളുമൊത്ത് വര്‍ഷങ്ങള്‍ക്കു ശേഷം തിരികെയെത്തുകയും ചെയ്തു. നിമിഷയുടെ ഭര്‍ത്താവും മകളും ഇപ്പോള്‍ തൊടുപുഴയിലാണ് താമസിക്കുന്നത്. ഇതിനിടെയാണ് യമനിലേക്ക് തിരികെ പോയ നിമിഷ തലാല്‍ മഹ്ദിയുമായി അടുക്കുന്നതും വിവാഹം കഴിക്കുന്നതും.

പീഡനം സഹിക്ക വയ്യാതെയാണ് കൊലപ്പെടുത്തിയതെന്നാണ് നിമിഷപ്രിയ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ അവകാശപ്പെട്ടത്. തലാല്‍ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന് ഇവര്‍ കത്തില്‍ ആരോപിച്ചു. പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു നാട്ടില്‍ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014ല്‍ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീട് തലാല്‍ നിമിഷയെ വിവാഹം ചെയ്യുകയായിരുന്നു. തലാല്‍ അബ്ദുമഹ്ദിയുടെ ജീവന്റെ വിലയായി 70 ലക്ഷം രൂപ നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് കഴിയാതെ വന്നതോടെയാണ് ശിക്ഷ കോടതി ശരിവച്ചത്. മേല്‍ക്കോടതി വിധിക്കെതിരെ പരമോന്നത കോടതിക്ക് അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് ഇന്ത്യന്‍ എംബസി ഉള്‍പ്പെടെയുള്ള അധികൃതര്‍.