ഇറാഖിലെ ഇരട്ട ചാവേര്‍ സ്‌ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്തവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം

beirut blast

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനനഗരമായ ബാഗ്ദാദില്‍ നടന്ന ഇരട്ട ചാവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ.എസ്.ഐ.എല്‍. 32 പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 110 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തയ്റാന്‍ സ്‌ക്വയറിന് സമീപമുള്ള തിരക്കുള്ള മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നത്. ആക്രമണകാരിയായി എത്തിയ ആള്‍ തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് ആളുകളെ മാര്‍ക്കറ്റിലെ ഒരു സ്ഥലത്തേക്ക് കൂട്ടമായി എത്തിച്ച് സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ ആള്‍ക്കുട്ടം ഓടിയെത്തിയപ്പോഴാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടതിന് ശേഷമാണ് ഐ.എസ്.ഐ.എല്‍ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇതോടെ ഐ.എസ്.ഐ.എല്ലിനെ പൂര്‍ണമായും തുടച്ചുനീക്കിയെന്ന ഇറാഖി സര്‍ക്കാരിന്റെ പ്രഖ്യാപനം പൊള്ളയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുകയാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനായി കൂടുതല്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ തലസ്ഥാനത്ത് ക്രമീകരിച്ചിട്ടുണ്ട്. 2018ന് ശേഷം ബാഗ്ദാദില്‍ നടന്ന ആദ്യ ഇരട്ട ബോംബാക്രമണമാണ് ഇത്. അന്ന് നടന്ന ചാവേര്‍ ആക്രമണത്തില്‍ നിരവധി പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇറാഖിലെ യു.എസ് സാന്നിധ്യത്തിനെതിരെ സായുധ പോരാട്ടങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. യു.എസ് എംബസി ലക്ഷ്യം വെച്ചാണ് ഇത്തരം ആക്രമണങ്ങള്‍ നടന്നിട്ടുള്ളത്. നിലവില്‍ രാജ്യത്ത് ചാവേര്‍ സ്ഫോടനങ്ങള്‍ കുറവായിരുന്നു എന്നത് കൊണ്ട് തന്നെ സ്ഫോടനത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തുമെന്ന് സേന അറിയിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകള്‍ അനൗപചാരികമായി ഉടമ്പടിയില്‍ എത്തിച്ചേര്‍ന്നതിന് ശേഷമാണ് ആക്രമണത്തിന്റെ തോത് കുറഞ്ഞത്. 2017ല്‍ ഐ.എസ്.ഐ.എല്ലിനെ പരാജയപ്പെടുത്തിയതായി ഇറാഖ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഐ.എസ്.ഐ.എല്‍ ഗ്രൂപ്പുകള്‍ ഇപ്പോഴും രഹസ്യമായി ഇറാഖില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍