Tuesday, August 9, 2022
HomeNewsNationalജമ്മു വിമാനത്താവള സ്ഫോടനം: ഡ്രോൺ ഉപയോഗിച്ച്‌ നടക്കുന്ന ആദ്യ ഭീകരാക്രമണമെന്ന് വിലയിരുത്തൽ

ജമ്മു വിമാനത്താവള സ്ഫോടനം: ഡ്രോൺ ഉപയോഗിച്ച്‌ നടക്കുന്ന ആദ്യ ഭീകരാക്രമണമെന്ന് വിലയിരുത്തൽ

ദില്ലി: ജമ്മു വിമാനത്താവളത്തിൽ ഇന്നലെ പുലർച്ചെയുണ്ടായ ഇരട്ട സ്‌ഫോടനങ്ങൾ ഡ്രോൺ ഉപയോഗിച്ച്‌ നടക്കുന്ന ആദ്യ ഭീകരാക്രമണമെന്ന് വിലയിരുത്തൽ. ആർ ഡി എക്സ് ഉപയോഗിച്ചെന്നാണ് സംശയിക്കപ്പെടുന്നത്. നൂറു മീറ്റർ മാത്രം ഉയരത്തിൽ നിന്നാണ് സ്ഫോടകവസ്തു ഇട്ടത്. ഇത് ഇന്ത്യയിൽ നിന്ന് തന്നെ അയച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്. നടന്നത് ഭീകരാക്രമണം തന്നെയാണെന്ന് ജമ്മു കശ്മീർ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ജമ്മുവിൽ തിരക്കുള്ള സ്ഥലങ്ങളിൽ സ്ഫോടനം നടത്താനുള്ള മറ്റൊരു നീക്കം ജമ്മുകശ്മീർ പൊലീസ് തകർത്തു.

ഇന്നലെ പുലർച്ചെ 1.35നായിരുന്നു ആദ്യ സ്ഫോടനം. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ രണ്ടാമത്തെ സ്ഫോടനം ഉണ്ടായി. വിമാനത്താവളത്തിലെ വ്യോമസേന നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഏര്യയിലെ ഒരു കെട്ടിടത്തിലാണ് ആദ്യം സ്ഫോടകവസ്തു വന്നു വീണത്. കെട്ടിടത്തിൻറെ മേൽക്കൂര തകർന്നു. മറ്റൊരു സ്ഫോടനം നടന്നത് അടുത്തുള്ള തുറസ്സായ സ്ഥലത്ത്. സ്ഫോടനത്തിൽ അടുത്തുള്ള വീടുകളും വിറച്ചതായി നാട്ടുകാർ പറഞ്ഞു.

ഡ്രോൺ ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ വർഷിച്ചു എന്ന് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ് സ്ഥിരീകരിച്ചു. 2019ൽ പഞ്ചാബിലെ അമൃത്സറിലെ ഗ്രാമത്തിൽ ഡ്രോൺ തകർന്നുവീണതോടെയാണ് അതിർത്തിയിൽ നിന്ന് ആയുധങ്ങളെത്തിക്കാൻ ഡ്രോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. മരുന്നുകളും ആയുധങ്ങളുമെത്തിക്കാൻ നിരവധി തവണ ഡ്രോണുകൾ ഉപയോഗിച്ചതായി കഴിഞ്ഞ സെപ്റ്റംബറിൽ അറസ്റ്റിലായ ഭീകരർ വെളിപ്പെടുത്തിയിരുന്നു.

Most Popular