നിർണായക വഴിത്തിരിവുമായി ജെസ്‌ന തിരോധാന കേസ്

കോട്ടയം: ജസ്‌ന കേസില്‍ സിബിഐയ്ക്ക് ജയിലില്‍ കഴിഞ്ഞ യുവാവിന്റെ മൊഴി. ജയിലില്‍ തനിക്കൊപ്പം കഴിഞ്ഞ യുവാവിന് ജസ്‌നയെക്കുറിച്ച്‌ അറിയാമെന്നായിരുന്നു വെളിപ്പെടുത്തല്‍. അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതിനിടെയാണ് ജസ്‌ന തിരോധാനക്കേസില്‍ സിബിഐക്ക് നിര്‍ണായക മൊഴി ലഭിക്കുന്നത്. സെല്ലില്‍ കൂടെ ഉണ്ടായിരുന്ന മോഷണക്കേസിലെ പ്രതി ജസ്‌നയുടെ തിരോധാനത്തെക്കുറിച്ച് അറിയാമെന്ന് തന്നോട് പറഞ്ഞുവെന്നാണ് മറ്റൊരു പ്രതിയുടെ വെളിപ്പെടുത്തല്‍. മോഷണക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരനാണ് സിബിഐയെ വിളിച്ച് ഇത് സംബന്ധിച്ച വിവരം കൈമാറിയത്. പിന്നാലെ സിബിഐ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി ഇയാളുടെ മൊഴിയെടുക്കുകയായിരുന്നു.

ജസ്‌നയുടെ തിരോധാനത്തില്‍ അറിവുണ്ടെന്ന് വെളിപ്പെടുത്തിയ പത്തനംതിട്ട സ്വദേശിയായ യുവാവ് ജയില്‍ മോചിതനായിരുന്നു. യുവാവിന്റെ വിലാസം ശരിയെന്ന് കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ സ്ഥിരീകരിച്ചു. തിരോധാനത്തെ കുറിച്ച് അറിയാമെന്ന് പറഞ്ഞ പത്തനംതിട്ട സ്വദേശിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

2018 മാര്‍ച്ച്‌ 20 നായിരുന്നു ജസ്‌ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. കാഞ്ഞിരപ്പളളി സെന്റ് ഡൊമനിക്‌സ് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്നു.

ആദ്യം ലോക്കല്‍ പോലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുളള സംഘവുമാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാവാതിരുന്നതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ബെംഗളൂരു, പൂനെ , ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തിയിരുന്നു.നാലായിരത്തലധികം ഫോണ്‍ കോളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. എന്നിടും ജസ്‌നയെ കണ്ടെത്താന്‍ സാധിച്ചില്ല.

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജസ്‌റയുടെ സഹോദരന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നായിരുന്നു സിബിഐ ഈ കേസ് ഏറ്റെടുത്തത്.