Saturday, September 25, 2021
Home News National കഫീൽ ഖാൻ ജയിൽ മോചിതനായി

കഫീൽ ഖാൻ ജയിൽ മോചിതനായി

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി സമരവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശ് സർക്കാർ തടവിലിട്ട ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കഫീൽ ഖാനെ മോചിപ്പിച്ചത്.

മുംബൈയിൽ നിന്ന് മഥുരയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ എൻകൗണ്ടറിലൂടെ കൊല്ലാതിരുന്നതിന് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് നന്ദിയുണ്ടെന്ന് ഡോ. കഫീൽ ഖാൻ. വീണ്ടും കള്ളക്കേസിൽ കുടുക്കുമോയെന്ന ഭയമുണ്ട്. ഏതായാലും ജയിൽ മോചിതനായതിൽ സന്തോഷം. എന്റെ വാക്കുകൾ കലാപത്തെ പിന്തുണക്കുന്നതല്ലെന്ന് വിധിച്ച നീതിന്യായ വ്യസ്ഥയോടും നന്ദി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം എൻ ഡി ടി വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കഫീൽ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടും അദ്ദേഹത്തെ മണിക്കൂറുകളോളം തടവിൽ വെച്ച യുപി പോലീസിന്റെ നടപടിക്കെതിരെ കുടുംബം കോടതിയലക്ഷ്യ ഹരജി സമർപ്പിക്കാനിരിക്കെയാണ് മോചിപ്പിച്ചത്.

കഫീൽ ഖാന്റെ തടവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അദ്ദേഹത്തിന് മേൽ ചുമത്തിയ ദേശസുരക്ഷാ നിയമം എടുത്ത് മാറ്റുകയും ചെയ്തിരുന്നു. കഫീൽ ഖാന്റെ മാതാവ് നുസ്രത് പർവീൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിലായിരുന്നു കോടതി വിധി.

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ, ജസ്റ്റിസ് സൗമിത്ര ദയാൽ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി. കഫീൽ ഖാനെ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയം അലഹബാദ് കോടതിയാണ് പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാടി എസ്എ ബോബ്ഡെ അടങ്ങിയ ബെഞ്ച് നുസ്രത്ത് പർവീന്റെ ആവശ്യം തള്ളിയിരുന്നു.

Most Popular