Friday, August 6, 2021
Home News Kerala കല്ലുവാതുക്കൽ കേസ്; ഫെയ്‌സ്ബുക്ക് കാമുകൻ ചമഞ്ഞ് കബളിപ്പിച്ചത് ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ആണെന്നറിഞ്ഞ രേഷ്മ ഞെട്ടി;...

കല്ലുവാതുക്കൽ കേസ്; ഫെയ്‌സ്ബുക്ക് കാമുകൻ ചമഞ്ഞ് കബളിപ്പിച്ചത് ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ആണെന്നറിഞ്ഞ രേഷ്മ ഞെട്ടി; ഗ്രീഷ്മയ്ക്ക് തന്നോട് പകയായിരുന്നുവെന്ന് മൊഴി

കൊല്ലം : കല്ലുവാതുക്കല്‍ പിഞ്ചു കുഞ്ഞ് മരിച്ച കേസില്‍ അറസ്റ്റിലായ രേഷ്മയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ഫെയ്‌സ്ബുക്ക് കാമുകന്‍ ചമഞ്ഞ് ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയായിരുന്നു എന്ന വിവരം രേഷ്മയോട് പോലീസ് വ്യക്തമാക്കിയെങ്കിലും ആദ്യം അത് വിശ്വസിക്കാൻ രേഷ്മ തയ്യാറായില്ല. തുടര്‍ന്ന് തെളിവുകള്‍ സഹിതം പൊലീസ് ഇക്കാര്യം വിശദീകരിച്ചപ്പോഴാണ്, ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെക്കുറിച്ച്‌ വീട്ടില്‍ പറഞ്ഞതിലുള്ള പകയാകാം കബളിപ്പിക്കലിന് കാരണമെന്ന് രേഷ്മ വ്യക്തമാക്കിയത്.

ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെപ്പറ്റി ഭര്‍ത്താവ് വിഷ്ണുവിനോടും മറ്റു ബന്ധുക്കളോടും പറഞ്ഞിരുന്നു. അതിലുള്ള വൈരാഗ്യമാകാം തന്നെ കബളിപ്പിക്കാന്‍ കാരണമെന്ന് രേഷ്മ മൊഴി നല്‍കി. തനിക്ക് അനന്തു എന്ന കാമുകനുണ്ടായിരുന്നു എന്നും രേഷ്മ ആവര്‍ത്തിച്ചു.
കാമുകനെ കാണാന്‍ താന്‍ വര്‍ക്കലയില്‍ പോയിരുന്നു എന്നും രേഷ്മ പൊലീസിനോട് പറഞ്ഞു. അതിനുശേഷമായിരിക്കാം ആര്യയും ഗ്രീഷ്മയും ചേര്‍ന്ന് തന്നെ കബളിപ്പിക്കാന്‍ തുടങ്ങിയതെന്നും രേഷ്മ പറഞ്ഞു.

രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. ആര്യ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരഭാര്യയും. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ഇരുവരും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

Most Popular