Friday, January 28, 2022
HomeNewsKeralaഖത്തറില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ ഏജന്‍സി നടത്തിയ കൂടിക്കാഴ്ചക്കിടെ സംഘര്‍ഷം; അഭിമുഖം തട്ടിപ്പെന്ന്...

ഖത്തറില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ ഏജന്‍സി നടത്തിയ കൂടിക്കാഴ്ചക്കിടെ സംഘര്‍ഷം; അഭിമുഖം തട്ടിപ്പെന്ന് ആരോപണം

കല്‍പറ്റ: ഖത്തറില്‍ ഡ്രൈവര്‍ ജോലി ഓഫർ ചെയ്ത് സ്വകാര്യ ഏജൻസി നടത്തിയ അഭിമുഖം സംഘർഷത്തിനിടയാക്കി. അഭിമുഖം തട്ടിപ്പാണെന്ന് കാണിച്ച് ഒരു വിഭാഗം ആളുകൾ രാഗത്തെത്തി. ഇന്റർവ്യൂ നടത്താൻ വന്നവരും ഉദ്യോഗാര്ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. കല്‍പറ്റ പൊലീസ് സ്ഥലത്തെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. കല്‍പറ്റയിലെ സമസ്ത ജില്ല കാര്യാലയത്തിലാണ് ഇന്റർവ്യൂ നടന്നത്. ജോലിക്കായുള്ള പരസ്യത്തിൽ വിസക്ക് പണം വേണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും ഇടനിലക്കാര്‍ 50,000 രൂപ ആവശ്യപ്പെട്ടുവെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്.

കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി ആയിരത്തിലധികം പേരാണ് അഭിമുഖത്തിനായി എത്തിയത് ഖത്തര്‍, ജി.സി.സി ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് ഖത്തറിലേക്ക് പോകാന്‍ സുവര്‍ണാവസരം എന്ന് കോഴിക്കോട് വെസ്റ്റ് നടക്കാവിലെ ലോയല്‍ ആന്‍ഡ് ഓസ്‌കാര്‍ ഏജന്‍സി നല്‍കിയ പരസ്യം കണ്ടാണ് ആളുകള്‍ എത്തിയത്. കൂടിക്കാഴ്ച പുരോഗമിക്കുന്നതിനിടെയാണ് സ്ഥലത്തുണ്ടായിരുന്ന ഇടനിലക്കാര്‍ വിസക്ക് 50,000 രൂപ ആവശ്യപ്പെട്ടതായി ആക്ഷേപമുയര്‍ന്നത്. പറഞ്ഞതിലും കുറവ് ശമ്പളമാണ് ഇന്റർവ്യൂ സമയത്ത് അറിയിച്ചതെന്നുള്ള ആക്ഷേപവും ഉദ്യോഗാര്‍ഥികള്‍ ഉയര്‍ത്തി. രജിസ്‌ട്രേഷന്‍ ഫീസായി 150ഓളം ഉദ്യോഗാര്‍ഥികളില്‍നിന്ന് സംഘാടകര്‍ 200 രൂപ വീതം ഈടാക്കിയിരുന്നു.

അതേസമയം കോഴിക്കോട് നടക്കാവിലെ ലോയല്‍ ആന്‍ഡ് ഓസ്‌കാര്‍ ഏജന്‍സി സംഘടിപ്പിച്ച കൂടിക്കാഴ്ചയുമായി ബന്ധമില്ലെന്ന് സമസ്ത ജില്ല കാര്യാലയം വ്യക്തമാക്കി. കൂടിക്കാഴ്ച നടത്താനുള്ള പൊലീസ് അനുമതിയടക്കം കാണിച്ചാണ് ഇന്റർവ്യൂ നടത്തുന്നവർ ഹാള്‍ ആവശ്യപ്പെട്ടതെന്നും സാധാരണപോലെ ഹാള്‍ പരിപാടി നടത്താനായി കൊടുക്കുക മാത്രമാണ് ഓഫിസുമായി ബന്ധപ്പെട്ടവര്‍ ചെയ്തതെന്നും ഭാരവാഹികള്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

Most Popular