Friday, September 17, 2021
Home News Kerala ദോഹയില്‍ കണ്ണൂര്‍ സ്വദേശിയുടെ ആത്മഹത്യ; ദുരൂഹതയുണ്ടെന്ന നിലപാടില്‍ കുടുംബം

ദോഹയില്‍ കണ്ണൂര്‍ സ്വദേശിയുടെ ആത്മഹത്യ; ദുരൂഹതയുണ്ടെന്ന നിലപാടില്‍ കുടുംബം

 

ദോഹ : കഴിഞ്ഞ വ്യാഴാഴ്ച ദോഹയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ തളിപ്പറമ്പ് കൊയ്യം സ്വദേശി പി.പി നൗഷാദിന്റെ (26) മൃതദേഹം നാട്ടില്‍ ഖബറടക്കി.ചൊവ്വാഴ്ച രാത്രിയോടെ ദോഹയില്‍ നിന്നും നാട്ടിലെത്തിച്ച മൃതദേഹം ബുധനാഴ്ച രാവിലെ ഏഴരയോടെ കൊയ്യം ജുമാമസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം  ഖബറടക്കുകയായിരുന്നു. അതേസമയം,നൗഷാദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.

ഏഴ് വര്‍ഷത്തോളമായി ഖത്തറില്‍ ജോലി ചെയ്യുന്ന നൗഷാദ് നജ്മയില്‍ ലോഡ്ജ് മുറികളുള്ള ബില്‍ഡിംഗിന്റെ കൈകാര്യകര്‍ത്താവായിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജോലി സ്ഥലത്തെ പീഡനത്തെക്കുറിച്ച് നൗഷാദ് ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിച്ചിരുന്നു. കൂടെ ഉള്ളവരില്‍ പലരും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായാണ് നൗഷാദ് അറിയിച്ചത്.ഇതിനെ തുടര്‍ന്ന് ഖത്തറില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ മുത്വലിബ് ഖഫീലുമായി ബന്ധപ്പെട്ട് നൗഷാദിന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള അവസരമൊരുക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള സാധനങ്ങളടക്കം തയ്യാറാക്കുന്നതിനിടയിലാണ് ദുരൂഹ മരണം സംഭവിച്ചത്.

നൗഷാദ് നാട്ടില്‍ ചില സുഹൃത്തുക്കളെ വിളിച്ച് താന്‍ മടങ്ങിവരുന്നതായും നാട്ടില്‍ എന്തെങ്കിലും ബിസിനസ് സംരംഭം തുടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.നാട്ടിലെത്തിയാല്‍ വിവാഹം നടത്തുന്നതിനുള്ള ആലോചനകളും നടന്നുവരികയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രയാസങ്ങളോ മറ്റു മാനസിക പ്രശ്‌നങ്ങളോ നൗഷാദിന് ഉണ്ടായിരുന്നതായും ആര്‍ക്കും വിവരമില്ല.ഇത്തരം സാഹചര്യ തെളിവുകള്‍ നിരത്തിയാണ് നൗഷാദ് ശ്രമിക്കില്ലെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു പറയുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് നൗഷാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുമ്പോഴും അതിന് കാരണക്കാരായവരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരാനും അതിലേക്കു നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കാനും സാധിക്കുമോ എന്ന ആശങ്കയിലാണ് കുടുംബം.

Most Popular