Home News Kerala കണ്ണൂരിലെ കൂട്ടമരണം: മൂത്ത കുട്ടിയെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂരിലെ കൂട്ടമരണം: മൂത്ത കുട്ടിയെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍: ചെറുപുഴയില്‍ മൂന്ന് കുട്ടികളെ കൊലപ്പെടുത്തി ദമ്ബതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്.
മൂത്ത കുട്ടിയായ സുരജിനെ ജീവനോടെയും മറ്റ് രണ്ട് കുട്ടികള്‍ മരിച്ച ശേഷവുമാണ് കെട്ടിത്തൂക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന് കുട്ടികള്‍ക്കും അമിതമായ അളവില്‍ ഉറക്ക ഗുളികകള്‍ നല്‍കി. ഗുളിക കഴിച്ച്‌ രണ്ട് പേര്‍ മരിച്ചു. സൂരജ് മരിച്ചിട്ടില്ലെന്ന് മനസിലാക്കാതെ കുട്ടിയെ ജീവനോടെ കെട്ടിതൂക്കുകയായിരുന്നെന്നാണ് നിഗമനം.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.

ശ്രീജയും ആദ്യ ഭര്‍ത്താവ് സുനില്‍ കുമാറുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഷാജിയ്‌ക്കൊപ്പം സുനിലിന്‍റെ പേരിലുള്ള വീട്ടിലാണ് ശ്രീജ താമസിച്ചിരുന്നത്. ഇവിടെനിന്ന് ഇറങ്ങികൊടുക്കാത്തതിനാല്‍ സുനില്‍ പോലീസില്‍ പരാതി നല്‍കി.

മധ്യസ്ഥ ചര്‍ച്ചയ്ക്കായി ശ്രീജയെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചതിന് പിന്നാലെ ഇവര്‍ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു.