റെയില്‍വേഗേറ്റ് മറികടന്ന് സ്‌കൂള്‍ ബസില്‍ കയറാനായി നീങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമ്മയുടെ കണ്‍മുന്നില്‍ ട്രെയിനിടിച്ച് മരിച്ചു

കണ്ണൂർ: അടച്ചിട്ട റെയില്‍വേഗേറ്റ് മറികടന്ന് സ്‌കൂള്‍ ബസില്‍ കയറാനായി നീങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമ്മയുടെ കണ്‍മുന്നില്‍ ട്രെയിനിടിച്ച് മരിച്ചു. കിഷോര്‍ – ലിസി ദമ്പതികളുടെ മകള്‍ നന്ദിത( 16 )യാണ് മരിച്ചത്. കണ്ണൂര്‍ കക്കാട് ഭാരതീയ വിദ്യാഭവനിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നന്ദിത. കണ്ണൂരിലെ ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ ഇന്നു രാവിലെ 7.45-നാണ് സംഭവം.

സ്‌കൂള്‍ ബസില്‍ കയറാന്‍ രാവിലെ അമ്മയ്‌ക്കൊപ്പം കാറില്‍ വന്ന വിദ്യാര്‍ഥിനി റെയില്‍വെ ഗേറ്റ് അടച്ചിരിക്കുന്നതുകണ്ട് കാറില്‍നിന്ന് ഇറങ്ങി റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തേക്ക് വന്ന പരശുറാം എക്‌സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

സ്‌കൂള്‍ ബസ് പതിവായി എത്തുന്ന സ്ഥലത്തേക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വിദ്യാര്‍ഥിനി പാളം മുറിച്ചുകടന്നുവെങ്കിലും ബാഗ് തീവണ്ടിയില്‍ കുരുങ്ങിയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ കുട്ടിയെ എ.കെ.ജി ആശുപത്രിയിലും മിംസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലിസിയുടെ ഭര്‍ത്താവ് നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു. ഏക മകളാണ് ഇപ്പോൾ അപകടത്തിൽ മരിച്ചിരിക്കുന്നത്.