കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ വാഹനം പാർക്ക് ചെയ്താൽ പിഴ 500

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ വാഹനം പാർക്ക് ചെയ്താൽ പിഴ 500 . എല്ലാ വിമാനത്താവളങ്ങളിലും വാഹന പാര്‍ക്കിങ് സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പാക്കിയ പരിഷ്‌കാരത്തിന്റെ ഭാഗമായാണ് പുതിയ പിഴ രീതികൾ. എന്നാൽ മൂന്നു മിനിറ്റ് എന്ന സമയപരിധിയെ ചൊല്ലി പ്രതിഷേധം കനക്കുകയാണ്. ടെര്‍മിനലിന് മുന്‍വശം ‘നോ പാര്‍ക്കിങ്’ ഭാഗമാണ്. യാത്രക്കാരെ കയറ്റുക, ഇറക്കുക എന്നീ ആവശ്യത്തിന് മാത്രമാണ് ഇവിടെ അനുമതി. സ്വന്തം വാഹനവുമായാണ് കൂടുതല്‍ പേരും വിമാനത്താവളത്തില്‍ എത്തുന്നത്. ഒപ്പം ഡ്രൈവറായി എത്തുന്നത് ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരിക്കും. യാത്രക്കാരനും ഡ്രൈവറും മാത്രമാണെങ്കില്‍, ലഗേജ് ഇറക്കാനും മറ്റും ഡ്രൈവര്‍ക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങേണ്ടി വരും.

വാഹനത്തില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ക്ക് ഇറങ്ങാനും മറ്റും കൂടുതല്‍ സമയം വേണ്ടി വരും. അതായത് മൂന്നു മിനിറ്റ് കൊണ്ട് ഇതെല്ലാം ഒരുമിച്ച് സാധിക്കില്ല എന്ന് സാരം. പുതിയ നിബന്ധന പാലിക്കാനാകാതെ ദിവസവും 500 രൂപ പിഴ ഒടുക്കേണ്ടി വരുന്നവർ നിരവധിയാണ്. ടെര്‍മിനലിനു മുന്‍പില്‍ വാഹനം നിര്‍ത്തിയിടാന്‍ നല്‍കുന്ന സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യമാണ് യാത്രക്കാർ ഉന്നയിക്കുന്നത്.

നേരത്തെ വിമാനത്താവള കവാടം കടന്നു വാഹനം അകത്തു പ്രവേശിച്ചാല്‍ 15 മിനിറ്റിനകം തിരിച്ചിറങ്ങിയില്ലെങ്കില്‍ കാറുകള്‍ക്ക് 85 രൂപ പാര്‍ക്കിങ് ഫീസ് നല്‍കണമായിരുന്നു., പുതിയ നിരക്ക് പ്രകാരം കാറുകള്‍ക്ക് അര മണിക്കൂര്‍ വരെ 20 രൂപ നല്‍കിയാല്‍ മതി.
മൂന്നു മിനിറ്റ് എന്നത് ദീര്‍ഘിപ്പിക്കുകയും പിഴ സംഖ്യയായ 500 രുപ കുറയ്ക്കുകയും വേണമെന്നാതാണ് യാത്രക്കാരുടെ ആവശ്യം. കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നതോടെ യാത്രക്കാരുടെയും വാഹനങ്ങളുടെയും തിരക്ക് കൂടുമെന്നും ഇപ്പോഴുള്ള സമയപരിധി നീട്ടണമെന്നുമാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.