അവഗണനയിൽ അതൃപ്തി പരസ്യമാക്കി ഡി കെ

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികൾ ശക്തമാകുന്നതിനിടെ അതൃപ്തി പരസ്യമാക്കി ഡി കെ ശിവകുമാർ. ബെംഗളുരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഡി കെ തന്റെ നീരസം വെളിപ്പെടുത്തിയത്. കോൺഗ്രസിനെ അധികാരത്തിലെത്തിക്കുക മാത്രമായിരുന്നു തന്‍റെ ലക്ഷ്യം. പാർട്ടിയിൽ കൊഴിഞ്ഞ് പോക്കുണ്ടായപ്പോഴും സധൈര്യം താൻ പാർട്ടിക്കൊപ്പം നിന്നു. കോൺഗ്രസിന് വലിയ വിജയം നേടാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഉപമുഖ്യമന്ത്രിയാകാൻ ലിംഗായത്ത് നേതാവ് എം.ബി.പാട്ടീലും നീക്കങ്ങൾ ശക്തമാക്കി. പാട്ടീലിനായി ലിംഗായത്ത് മഠം സമ്മർദ്ദം ചൊലുത്തുന്നുണ്ട്. ദളിത് വിഭാഗത്തിൽ നിന്നുള്ള ഉപമുഖ്യമന്ത്രിയാകാൻ ജി.പരമേശ്വരയും കളത്തിലുണ്ട്. ഇതിനിടെ വൊക്കലിഗ മഠം ഇതിനോടകം പലതവണ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചെത്തിയതും കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഹൈക്കമാൻഡ് കാര്യങ്ങൾ നീക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയം ലോക്സഭാ തിരഞ്ഞെടുപ്പിലും നിലനിറുത്തണമെങ്കിൽ സാമുദായിക സന്തുലനം ഉൾപ്പെടെ പല കാര്യങ്ങളും നോക്കേണ്ടതുണ്ട്.