ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ ആറിന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.
കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. സംസ്ഥാനത്ത് ഇന്ന് മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. മാര്‍ച്ച് 12 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22നാണ്.
തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രില്‍ ആറിനാണ് തിരഞ്ഞെടുപ്പ്. അസമില്‍ മാര്‍ച്ച് 27, ഏപ്രില്‍ ഒന്ന്, ആറ് തീയതികളിലായി മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ബംഗാളില്‍ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക (മാര്‍ച്ച് 27, ഏപ്രില്‍ 1,6,10,17,22,26,29). എല്ലായിടത്തും മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.
കോവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. കോവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കേരളത്തില്‍ ബൂത്തുകളുടെ എണ്ണം 40,771 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞ തവണ 21,498 ബൂത്തുകളാണ് ഉണ്ടായിരുന്നത്. പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പോളിങ്. ഒരു മണ്ഡലത്തില്‍ ചെലവഴിക്കാവുന്ന തുക 30.8 ലക്ഷം രൂപയാണ്.
കേരളത്തിലെ 140 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 824 അസംബ്ലി മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. 18 കോടി 86 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും. 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കു. ഓണ്‍ലൈനായും പത്രിക നല്‍കാം. വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേരും വാഹന റാലികളില്‍ അഞ്ച് വാഹനങ്ങള്‍ മാത്രമേ പാടുള്ളുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരാകും. കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരെ തീരുമാനിച്ചിട്ടില്ല. പോലീസ് നിരീക്ഷകനായി ദീപക് മിശ്രയെ നിയോഗിച്ചു. സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷണത്തിന് മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന് പുഷ്പേന്ദ്ര പൂനിയയേയും നിയോഗിച്ചു
ഉത്സവം, പരീക്ഷ എന്നിവ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് തീയതികള്‍ തീരുമാനിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷാവസരങ്ങള്‍ കണക്കിലെടുത്ത് ഏപ്രില്‍ 15ന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേരളത്തിലെ പ്രമുഖ കക്ഷികളൊക്കെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.