Monday, July 26, 2021
Home News Kerala കേരള കോൺഗ്രസ് എം ഇനി ഇടത് മുന്നണിക്കൊപ്പം

കേരള കോൺഗ്രസ് എം ഇനി ഇടത് മുന്നണിക്കൊപ്പം

കോട്ടയം: കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചുവട് മാറ്റത്തിന് കോട്ടയം സാക്ഷിയായി. കേരള കോൺഗ്രസ്(എം) ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിക്കൊപ്പം നിൽക്കുമെന്ന് ചെയർമാൻ ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഏറെ നാളത്തെ അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കൊടുവിലാണ് നിർണായക രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചത്.

പാർട്ടി ഇനി ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ഇതിനായി താൻ രാജ്യസഭ എം പി സ്ഥാനം രാജിവെക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയിൽ നിന്ന് യു ഡി എഫ് പുറത്താക്കിയത്. ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

മാണിക്കൊപ്പം നിന്ന എംഎൽഎമാർ ഉൾപ്പെടെയുള്ളവരെ കോൺഗ്രസ് അപമാനിച്ചു. ഒരു ചർച്ചക്ക് പോലും കോൺഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാൻ ഒരു ഫോർമുല പോലും മുന്നോട്ട് വെച്ചില്ല. പാർട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോൺഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് പറഞ്ഞു.

കോട്ടയം പാലായിൽ നടന്ന നേതൃയോഗത്തിനു ശേഷം നടത്തിയ പ്രഖ്യാപനത്തിനിടെ യുഡിഎഫിനെയും പിജെ ജോസഫിനെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. നേരത്തേ ജോസ് കെ മാണി വിഭാഗം യുഡിഎഫിനെ തള്ളിപ്പറയുകയോ മുന്നണി വിടുകയോ ചെയ്താൽ ഇടതുപക്ഷത്തിലെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നു. ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എൽഡിഎഫ് കൺവീനർ എ വിജയരാഘവനുമായി നിരവധി തവണ ചർച്ച നടത്തിയതായും റിപോർട്ടുകളുണ്ടായിരുന്നു.

മാത്രമല്ല, ജോസ് വിഭാഗത്തെ മുന്നണിയിൽ എടുക്കുന്നതിന് ആദ്യം എതിർപ്പ് പ്രകടിപ്പിച്ച സിപിഐ നിലപാട് മയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇടതുമുന്നണിയിലുള്ള എൻസിപി ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തെ അനുകൂലിച്ചിരുന്നെങ്കിലും മാണി സി കാപ്പൻ ജയിച്ച പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതുസംബന്ധിച്ച് തർക്കം തുടരുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജോസ് കെ മാണിയുടെ പ്രഖ്യാപനം.

രാവിലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗം ആദ്യം എൽ ഡി എഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിച്ചു. ഒമ്പത് മണിയോടെയാണ് പാർലമെന്ററി പാർട്ടി യോഗം ചേർന്നത്. തോമസ് ചാഴിക്കാടൻ എം പി, റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നീ എം എൽ എമാരാണ് ജോസ് കെമാണിയെ കൂടാതെ യോഗത്തിൽ പങ്കെടുത്തത്.

തുടർന്ന് പിതാവ് കെ എം മാണിയുടെ കല്ലറയിൽ എത്തി പ്രാർഥിച്ചു. 9.40ഓടെ പാർട്ടി ആസ്ഥാനത്തേക്ക് ജോസ് കെ മാണിയും നേതാക്കളും തിരിച്ചു. കോട്ടയത്ത് ചേർന്ന നേതൃയോഗത്തിന് ശേഷമാണ് ജോസ് കെ മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.

Most Popular