Saturday, July 24, 2021
Home News Kerala കേരള നിയമസഭ: പിണറായി വിജയൻ സർക്കാരിനെതിരേ ആദ്യ അവിശ്വാസ പ്രമേയം

കേരള നിയമസഭ: പിണറായി വിജയൻ സർക്കാരിനെതിരേ ആദ്യ അവിശ്വാസ പ്രമേയം

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരെ ആദ്യ അവിശ്വാസ പ്രമേയമാണ് കേരള നിയമസഭയിൽ വി ഡി സതീശൻ എംഎൽഎ ഇന്ന് അവതരിപ്പിക്കുന്നത്. പ്രതിപക്ഷത്തിന്റെ ഭിന്നതയാണ് ഭരണപക്ഷത്തിന്റെ വലിയ ആശ്വാസം.

അതേസമയം, സ്പീക്കർക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന് നിയമപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധമുയർന്നു. സ്വർണക്കടത്തിൽ ആരോപണ വിധേയനായ സ്പീക്കർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങൾക്കിടയിൽ വന്നിരിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് പ്രതികളുമായി സ്പീക്കർക്ക് ബന്ധമെന്നും ചെന്നിത്തല ആരോപിച്ചു. സർക്കാരിനെതിരെ പ്രതിപക്ഷം സഭയിൽ പ്രതിഷേധ ബാനർ ഉയർത്തി.

സഭയിൽ വാദ പ്രതിവാദത്തിന് തുടക്കത്തിൽ തന്നെ വഴിവയ്ക്കുകയായിരുന്നു സ്പീക്കറെ നീക്കണമെന്ന പ്രമേയത്തിനുള്ള അനുമതി തേടൽ. ചട്ടം അനുസരിച്ചാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകിയതെന്ന് എം ഉമ്മർ എംഎൽഎ പറഞ്ഞു. ഭരണഘടന അനുസരിച്ചു മാത്രമേ പ്രവർത്തിക്കാനാകൂ എന്ന് സ്പീക്കറും വ്യക്തമാക്കി. ഭരണഘടനാ ചട്ടം അനുസരിച്ച് സഭ ചേരുന്നതിന് 14 ദിവസം മുൻപ് വേണം സ്പീക്കറെ നീക്കണം എന്ന പ്രമേയ നോട്ടീസ് നൽകേണ്ടതെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

15 ദിവസത്തെ നോട്ടീസ് നൽകിയല്ല സഭ വിളിച്ചതെന്നതിനാൽ സ്പീക്കർക്കെതിരായ പ്രമേയത്തിനും ഈ നിബന്ധന ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. ഭരണഘടനാ ചട്ടം മാറ്റാൻ തനിക്ക് അധികാരമില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. നിയമസഭ ചേരുന്ന തീയതി തീരുമാനിച്ചത് പ്രതിപക്ഷ നേതാവുമായ ആലോചിച്ച ശേഷമാണെന്നും സ്പീക്കർക്കെതിരെ ദുസ്സൂചന ഉണ്ടായിരുന്നില്ലെന്നും എകെ ബാലൻ അറിയിച്ചു. അവിശ്വാസ പ്രമേയ കാര്യവും സ്പീക്കറെ മാറ്റാൻ ഉള്ള പ്രമേയവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോവിഡ് കാലത്തെ  ആദ്യത്തെ നിയമസഭാ യോഗമാണിത്.  അതേസമയം, കേരള കോൺഗ്രസിലെ ജോസ് കെ മാണി വിഭാഗം അവിശ്വാസത്തെ അനുകൂലിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി അവർ പാർട്ടി അംഗങ്ങൾക്ക് വിപ്പും നൽകിയിട്ടുണ്ട്.

കോവിഡിന്റെ ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാരിന് അനുകൂലമായി അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്ത വന്നത് ഇടതുമുന്നണിക്ക് വലിയ മേൽക്കൈ നൽകിയിരുന്നു. ഇതിനിടയിലാണ് സ്വർണക്കടത്ത് കേസ് പുറത്തുവരുന്നത്. അതിൽ പ്രതിയാക്കപ്പെട്ട സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായുള്ള അടുത്ത ബന്ധം സർക്കാരിനി വലിയ തിരിച്ചടിയുണ്ടാക്കി. പ്രിൻസിപ്പൽ സെക്രട്ടറിയെ കേസിൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അദ്ദേഹത്തിനപ്പുറത്തേക്ക് രാഷ്ട്രീയ നേതൃത്വത്തിലേക്ക് ആരോപണങ്ങൾ എത്തിയിട്ടില്ലെന്നും ആശ്വാസമായി സർക്കാരിന് പറയാമെങ്കിലും, മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥന്റെ കളങ്കിതരുമായുള്ള ബന്ധവും ഇതേക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാൻ കഴിയാതെ പോയതും സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

സ്പ്രിങ്കളർ കരാരുമായി ബന്ധപ്പെട്ട് ശിവശങ്കറിന് മുഖ്യമന്ത്രി നൽകിയ വൻ പിന്തുണയ്ക്ക് തൊട്ടുപിന്നാലെയാണ് കളങ്കിതരായുമുള്ള ഇദ്ദേഹത്തിന്റെ ബന്ധം പുറത്തുവരുന്നത്. അമേരിക്കൻ കമ്പനിയുമായി മന്ത്രിസഭ അറിയാതെ കരാറിൽ ഏർപ്പെട്ടത് താൻ തനിച്ചാണെന്ന എം ശിവശങ്കരന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി ഒന്നു പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, അയാളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ഈ ആരോപണങ്ങൾ സജീവമായി നിലനിൽക്കുമ്പോഴും ഇതേ കേസിലെ പ്രതികൾ ഉൾപ്പെട്ട ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പുറത്തുവരുന്നത്. സ്വപ്ന സുരേഷിനും മറ്റുള്ളവർക്കും കമ്മീഷൻ നൽകിയത് സർക്കാരിന്റെ അറിവോടെ ആണെന്നതാണ് ഇതിൽ ഉന്നയിക്കപ്പെട്ട ആരോപണം. ഇക്കാര്യത്തിലും പ്രതിപക്ഷത്തിന് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല.

കെ ടി ജലീലിനെതിരായ ആരോപണമാണ് മറ്റൊന്ന്. യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടുള്ള കിറ്റ് വിതരണം അദ്ദേഹത്തിന് വലിയ പ്രതിസന്ധിയാണ് ഇതിനകം സൃഷ്ടിച്ചിട്ടുള്ളത്.

തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട കൺസൽട്ടൻസി നിയമനമാണ് ഒടുവിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ. ഇ- മൊബിലിറ്റി പദ്ധതിയിലും കെ- ഫോൺ പദ്ധതിയിലും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ കൺസൽട്ടൻസിയായി നിയമിച്ച വിവാദങ്ങൾ, വിവിധ വകുപ്പുകളിലെ വ്യാപകമായ കൺസൽട്ടൻസി നിയമനങ്ങൾ എന്നിവ ഇടതുപക്ഷ സർക്കാരിനെ അങ്ങേയറ്റം പ്രതിരോധത്തിലാക്കിയ സംഭവങ്ങളാണ്. ഈ ആരോപണങ്ങൾക്ക് രാഷ്ട്രീയമായി എങ്ങനെ മറുപടി നൽകുന്നുവെന്നത് വളരെ പ്രധാനമാണ്.

Most Popular