Friday, July 23, 2021
Home News Kerala ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കപ്പെടുമ്പോൾ കേരളത്തിന് 200 സ്‌റ്റോപ്പുകൾ നഷ്ടമായേക്കും

ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കപ്പെടുമ്പോൾ കേരളത്തിന് 200 സ്‌റ്റോപ്പുകൾ നഷ്ടമായേക്കും

തിരുവനന്തപുരം: കോവിഡ് മഹമാരിയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം ഇന്ത്യയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കപ്പെടുമ്പോൾ കേരളത്തിന് 200 സ്റ്റോപ്പുകൾ നഷ്ടമായേക്കും. രാജ്യത്ത് ആകെ സർവീസ് നടത്തുന്ന ലാഭത്തിലല്ലാത്തവയായ 500 ട്രെയിനുകളും 10,000 സ്റ്റോപ്പുകളും റെയിൽവേ പിൻവലിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

റെയിൽവേ ടൈം ടേബിൾ പരിഷ്‌കരണത്തിൽ ദക്ഷിണ റെയിൽവേയിൽ പിൻവലിക്കാൻ സാധ്യതയുള്ള 800 സ്റ്റോപ്പുകളിൽ 200 എണ്ണം കേരളത്തിലേതാണ്. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് സ്റ്റോപ്പുകൾ പിൻവലിക്കുക. രാത്രി 12നും പുലർച്ചെ നാലിനുമിടയിൽ വരുന്ന സ്റ്റോപ്പുകൾ, തീരെ യാത്രക്കാരില്ലാത്ത സ്റ്റോപ്പുകൾ, പാസഞ്ചറുകൾ എക്‌സ്പ്രസുകളായി മാറ്റുമ്പോൾ ഒഴിവാക്കേണ്ടത് എന്നിങ്ങനെയാണ് പട്ടിക.

കേരളത്തിന് നഷ്ടമാകുന്ന സ്റ്റോപ്പുകളിൽ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ എക്‌സ്പ്രസാകുമ്പോഴുള്ളവയാണ്. കൊല്ലം- പുനലൂർ, തൃശൂർ-ഗുരുവായൂർ, ഷൊർണൂർ- നിലമ്പൂർ, എറണാകുളം- കൊല്ലം സെക്ഷനുകളിലെ നഷ്ടത്തിലോടുന്ന പാസഞ്ചറുകളിൽ ചിലത് റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യും.

കൊല്ലം- ചെങ്കോട്ട, ചെങ്കോട്ട- കൊല്ലം, എറണാകുളം- കോട്ടയം, കായംകുളം- എറണാകുളം, കൊല്ലം- എറണാകുളം എന്നിവയാണു ഇത്തരത്തിൽ തെക്കൻ കേരളത്തിൽ റദ്ദാക്കാൻ സാധ്യതയുളള പാസഞ്ചർ സർവീസുകൾ. പുനലൂർ- മധുര, ഗുരുവായൂർ- പുനലൂർ, കോയമ്പത്തൂർ- മംഗളൂരു എന്നീ പാസഞ്ചറുകളാണ് എക്‌സ്പ്രസാക്കുന്നത്. ഇവയുടെ ഹാൾട്ട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകളും ഇല്ലാതാകും.

രാത്രി 12നും പുലർച്ചെ നാലിനുമിടയിൽ വരുന്ന സ്റ്റോപ്പുകൾ നിർത്തലാക്കണമെന്ന നിർദേശത്തിൽ പക്ഷേ ജില്ലാ ആസ്ഥാനങ്ങളിലെ സ്റ്റോപ്പുകൾ നിലനിർത്തിയേക്കും. വേണാട് എക്‌സ്പ്രസിന്റെ മയ്യനാട്, ഡിവൈൻ നഗർ സ്റ്റോപ്പുകൾ ഒഴിവാക്കുമെന്നാണു സൂചന. മൂന്ന് മുതൽ ഏഴ് വരെ സ്റ്റോപ്പുകൾ ഇത്തരം ട്രെയിനുകൾക്കു കുറയും.

അതേ സമയം, കേരളത്തിലെ വടക്കൻ- തെക്കൻ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അമൃത, രാജ്യറാണി, മലബാർ, മാവേലി എന്നീ ട്രെയിനുകളുടെ അസമയത്തെ സ്റ്റോപ്പുകൾ കുറയ്ക്കുന്നതു പ്രായോഗികമല്ലെന്ന നിലപാടും ദക്ഷിണ റെയിൽവേയ്ക്കുണ്ട്.

Most Popular