Saturday, April 17, 2021
Home News Kerala കാർഷിക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

കാർഷിക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് ഹരജി നൽകാൻ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ അധികാരം കവർന്നെടക്കുന്നതാണ് പുതിയ നിയമമെന്ന് യോഗം വിലയിരുത്തി. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതായും മന്ത്രിസഭ ചൂണ്ടിക്കാട്ടി.

ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖാപനം ഉടൻ ഉണ്ടാകും. കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതാണെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. ഗുരുതരമായ ഭരണഘടനാ വിഷയമാണ് കാർഷിക ബിൽ ഉയർത്തുന്നതെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ.

കാർഷിക ബില്ലിനെതിരെ രാജ്യത്തിന്റെ പലകോണുകളിലും പ്രതിഷേധം ഉയർന്ന് വരികയും ഇടത് എംപിമാർ സമരത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടയിലാണ് സംസ്ഥാനം നേരിട്ട് തന്നെ നിയമ പോരാട്ടത്തിനിറങ്ങുന്നത്. കർഷകരെ ബാധിക്കുന്ന വിഷയത്തിൽ സംസ്ഥാനത്തിന് എന്ത് തുടർ നടപടി സ്വീകരിക്കാമെന്ന കാര്യത്തിൽ അഡീഷനൽ അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ നിയമോപദേശം തേടിയിരുന്നു.

ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിഷയമായ കൃഷിയിൽ നിയമനിർമാണം നടത്തുമ്പോൾ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്നമാണെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. നേരത്തെ കേന്ദ്രം കൊണ്ടു വന്ന അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി ആക്ട് കേരളവും ബിഹാറും അടക്കം എട്ട് സംസ്ഥാനങ്ങൾ ഇനിയും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ രാജ്യസഭ പാസാക്കിയ ബില്ലുകളെയും നിയമപരമായി ചോദ്യം ചെയ്യാനാകുമെന്നാണ് അഡീഷനൽ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം.

ഞായറാഴ്ചയാണ് ശബ്ദവോട്ടോടുകൂടി രണ്ട് കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസാക്കിയത്. ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് ഏതാനും എംപിമാർക്ക് സസ്പെൻഷനും ലഭിച്ചിരുന്നു.

ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആൻഡ് കൊമേഴ്‌സ് ബിൽ 2020, ഫാർമേഴ്‌സ് എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ് ബിൽ എന്നിവയാണ് രാജ്യസഭയിൽ പാസാക്കിയത്.

Most Popular