കേരളത്തില്‍ 10 പേര്‍ക്കു കൂടി കൊറോണ; ഇടുക്കിയും കോട്ടയവും ഓറഞ്ച് സോണിലേക്ക്

no corona cases today in kerala

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കൊറോമ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇടുക്കിയില്‍ നാല്, കോഴിക്കോട്, കോട്ടയം രണ്ട് വീതം, തിരുവനന്തപുരം, കൊല്ലം ഒന്നു വീതം കേസുകണ് ഇന്ന് റിപോര്‍ട്ട് ചെയ്തത്. 8 പേര്‍ക്ക് രോഗം ഭേദമായി. കാസര്‍കോട് 6, മലപ്പുറം, കണ്ണൂര്‍ 1 വീതം കേസുകള്‍ നെഗറ്റീവ് ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ച 10 പേരില്‍ നാല് പേര്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. 2 പേര്‍ വിദേശത്തു നിന്നെത്തി. സമ്പര്‍ക്കം വഴിയാണ് നാലു പേര്‍ക്കു രോഗം ബാധിച്ചത്. 447 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 129 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞു. 23,876 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 23,439 പേര്‍ വീടുകളിലും 437 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 148 പേര്‍ ആശുപത്രിയിലെത്തി.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നാലു ജില്ലകള്‍ ഒഴികെയുള്ള 10 ജില്ലകളും ഓറഞ്ച് സോണിലാകും. നേരത്തേ പോസിറ്റീവ് കേസുകളില്ലാതിരുന്നതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍പെടുത്തി ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ഇവിടങ്ങളില്‍ പുതിയ കേസുകളുണ്ട്. അതുകൊണ്ടുതന്നെ അവരെ ഗ്രീന്‍ സോണുകളില്‍നിന്ന് ഓറഞ്ച് സോണിലേക്കു മാറ്റിയതായി മുഖ്യമന്ത്രി പറഞ്ഞു.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ നിയമവിരുദ്ധമായി ഒളിച്ചുകടക്കുന്നതു തടയും. അവരെ സഹായിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

10 more corona cases in kerala; 8 recovered