Saturday, January 22, 2022
HomeNewsKeralaക്രിസ്മസ് ദിനത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണം പോലിസിനെ കൊല്ലാന്‍ ഉറപ്പിച്ചെന്ന് എഫ്‌ഐആര്‍; തീവ്രവാദ ബന്ധം...

ക്രിസ്മസ് ദിനത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണം പോലിസിനെ കൊല്ലാന്‍ ഉറപ്പിച്ചെന്ന് എഫ്‌ഐആര്‍; തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ കേന്ദ്രസംഘം

കൊച്ചി: ക്രിസ്മസ് ദിനത്തില്‍ കിഴക്കമ്പലത്ത് സംഘര്‍ഷം നേരിടാനെത്തിയ പോലിസുകാരെ കൊല്ലാനായിരുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ പ്ലാനെന്ന് എഫ്‌ഐആര്‍. 50-ല്‍ അധികം വരുന്ന തൊഴിലാളികള്‍ എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള പോലിസുകാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കല്ലുകളും മരവടികളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചത്. ജീപ്പിനുള്ളിലിരുന്ന പോലിസുകാരെ പുറത്തിറങ്ങാന്‍ കഴിയാത്ത വിധം വാതില്‍ ചവിട്ടിപ്പിടിച്ച ശേഷം വാഹനത്തിന് തീയിടുകയായിരുന്നു.

ഭാഗ്യംകൊണ്ട് മാത്രമാണ് പോലിസുകാര്‍ രക്ഷപ്പെട്ടത്. അഞ്ച് പോലിസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തേണ്ടി വന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചും വടികൊണ്ട് സംഘം ചേര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ചുമാണ് ആക്രമിച്ചത്. ചികിത്സയില്‍ കഴിയുന്ന പോലിസുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്.ഐ.ആര്‍ ഇട്ടത്.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതില്‍ 106 പേരെക്കൂടി അറസ്റ്റ് ചെയ്തു. 162 പേരുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 156 പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 24 പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

പ്രതികള്‍ക്കെതിരെ 12 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലുള്ളവരില്‍ നിന്ന് കുറ്റക്കാരെ തിരിച്ചറിഞ്ഞ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രതികളുമായി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നത് ഉള്‍പ്പെടെയുള്ള കര്യങ്ങള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് പോലീസ് നീക്കം. അക്രമത്തിന്റെ ദൃശ്യങ്ങളും നാട്ടുകാരുടെ മൊഴിയും പരിശോധിച്ച് വ്യക്തത വരുത്തും.

അക്രമസംഭവം നടക്കുന്ന സമയത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമുണ്ടായിരുന്നവരും അവരുടെ മൊബൈലുകളില്‍ ദൃശ്യങ്ങളെടുക്കുന്നുണ്ടായിരുന്നു. ഇതും പോലിസ് പരിശോധിക്കും.

തീവ്രവാദ ബന്ധം പരിശോധിക്കും

കിഴക്കമ്പലത്ത് പൊലീസിനുനേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ അറസ്റ്റിലായവര്‍ക്കു തീവ്രവാദ ബന്ധമുണ്ടോ എന്നു പരിശോധിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് സംഘം സ്ഥലത്തെത്തി. ഉത്തര കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവരാണ് അക്രമികള്‍ എന്നതിനാല്‍ ഇവര്‍ക്കിടയില്‍ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ആരെങ്കിലുമുണ്ടോ എന്നാണ് അന്വേഷണം.

2019ല്‍ മണ്ണൂരില്‍വച്ച് കുന്നത്തുനാടു സിഐയുടെ നേതൃത്വത്തില്‍, ബോഡോ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ വേഷത്തില്‍ ഇവിടെ ഒളിവില്‍ കഴിയുന്നവരായിരുന്നു അറസ്റ്റിലായത്. സമാനമായി ആരെങ്കിലും സംഘത്തിലുണ്ടോ എന്നാണ് പരിശോധന

 

Most Popular