Thursday, August 5, 2021
Home News Kerala മഹാമാരി പ്രവാസികള്‍ക്കുണ്ടാക്കിയ ആഘാതം ഞെട്ടിക്കുന്നത്; ഒന്നര വര്‍ഷത്തിനിടെ കേരളത്തിലേക്ക് മടങ്ങിയത് 15 ലക്ഷം പേര്‍

മഹാമാരി പ്രവാസികള്‍ക്കുണ്ടാക്കിയ ആഘാതം ഞെട്ടിക്കുന്നത്; ഒന്നര വര്‍ഷത്തിനിടെ കേരളത്തിലേക്ക് മടങ്ങിയത് 15 ലക്ഷം പേര്‍

അബൂദബി: കോവിഡ് മഹാമാരിയെ പ്രവാസ ലോകത്തെ തൊഴില്‍ മേഖലയിലുണ്ടാക്കിയത് ഞെട്ടിക്കുന്ന ആഘാതമെന്ന് കണക്കുകള്‍. ഒന്നര വര്‍ഷത്തിനിടെ കേരളത്തിലേക്ക് മടങ്ങിയത് 15 ലക്ഷം പ്രവാസികളാണ്. ഇതില്‍ വലിയൊരു ശതമാനം പേരും തൊഴില്‍ നഷ്ടമായാണ് മടങ്ങിയിട്ടുള്ളത്. 10 ലക്ഷത്തോളം പേരാണ് ജോലിനഷ്ടമായവരുടെ പട്ടികയിലുള്‍പ്പെടുന്നത്. ജൂണ്‍ 18-ന് സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരമാണിത്. ഇവരില്‍ എത്രപേര്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം (എ.എ.ഐ) കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി മെയ് 2020 മുതലുള്ള 12 മാസക്കാലം പുറത്തേക്ക് പോയിട്ടുള്ളത് 27 ലക്ഷം ആളുകളാണ്.

നോര്‍ക്കയുടെ കണക്കുകള്‍ പ്രകാരം 14,63,176 ആളുകളാണ് ഇക്കാലയളവില്‍ നാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്. ഇതില്‍ 10,45,288 ആളുകള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഇതുവരെ നാട്ടിലേക്ക് മടങ്ങിയവരുടെ എണ്ണത്തിന്റെ 70 ശതമാനത്തോളം വരുമിത്. 2.90 ലക്ഷം പേര്‍ വിസ കാലാവധി കഴിഞ്ഞതടക്കമുള്ള കാരണങ്ങളാല്‍ മടക്കയാത്ര നടത്താനാവാത്തവരാണ്. കുട്ടികളും മുതിര്‍ന്നവരും ഗര്‍ഭിണികളുമടങ്ങുന്ന സമൂഹവും ഇതിലുള്‍പ്പെടും.

യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയെത്തിയവരില്‍ 96 ശതമാനവും. ഇതില്‍ യു.എ.ഇയില്‍ നിന്നുമാത്രമെത്തിയത് 8.67 ലക്ഷമാളുകളാണ്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസിസമൂഹമയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തിയിരുന്നത്. അതുകൊണ്ട് ഈ മേഖലയിലെ തൊഴില്‍ നഷ്ടം കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക.
ALSO WATCH

Most Popular