Thursday, December 2, 2021
HomeNewsKeralaമലയാളികള്‍ പൊളിയാണ്; ഖാസിം മോന്റെ ചികില്‍സാ ഫണ്ടിലേക്കും 18 കോടി എത്തി; ഇനി ആരും പണമയക്കരുതെന്ന്...

മലയാളികള്‍ പൊളിയാണ്; ഖാസിം മോന്റെ ചികില്‍സാ ഫണ്ടിലേക്കും 18 കോടി എത്തി; ഇനി ആരും പണമയക്കരുതെന്ന് കമ്മിറ്റി

തളിപ്പറമ്പ്: അപൂര്‍വ മരുന്നിന് വേണ്ടി, ഒരിക്കലും സ്വരൂപിക്കാന്‍ കഴിയില്ലെന്ന് കരുതിയ വന്‍ തുക സഹായമഭ്യര്‍ഥിച്ച രണ്ടാമത്തെ കുരുന്നിനും ആവശ്യമായ പണം നല്‍കി മലയാളികള്‍. മാരകരോഗം ബാധിച്ച കണ്ണൂര്‍ ജില്ലയിലെ രണ്ടാമത്തെ കുരുന്നിനാണ് 18 കോടിയുടെ മരുന്ന് വാങ്ങാനുള്ള തുക ലഭിച്ചിത്. ഇനി ആരും പണമയക്കരുതെന്ന് ചികിത്സ കമ്മിറ്റി അഭ്യര്‍ഥിച്ചു.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ടൈപ്പ് ടു രോഗം ബാധിച്ച ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമിന് ഞായറാഴ്ച വൈകീട്ട് വരെ 17.38 കോടി രൂപ ലഭിച്ചതായി ബന്ധപ്പെട്ട കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധ സംഘടനകളും വ്യക്തികളും ഇതിനകം സ്വരൂപിച്ച തുക കൂടി വന്നുചേരുന്നതോടെ 18 കോടിയെന്ന ലക്ഷ്യം പൂവണിയും.

ഈ സാഹചര്യത്തില്‍ ചികിത്സാ സഹായധനം സ്വരൂപിക്കാനായി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ തിങ്കളാഴ്ച ബാങ്കുകളില്‍ അപേക്ഷ നല്‍കുമെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സമാന അസുഖം ബാധിച്ച കണ്ണൂര്‍ പഴയങ്ങാടി മാട്ടൂലിലെ മുഹമ്മദ് എന്ന കുഞ്ഞിന് സഹൃദയരുടെ സഹായം തേടിയപ്പോള്‍ 46.78 കോടി രൂപയാണ് മലയാളികള്‍ കൈയയച്ച് നല്‍കിയത്.

നിലവില്‍ ഖാസിം ചികിത്സാ സഹായ കമ്മിറ്റിക്ക് ലഭ്യമായ 17.38 കോടി രൂപയില്‍ എട്ടര കോടി രൂപ മാട്ടൂല്‍ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റിയുടെ വാഗ്ദാനമാണ്. ജൂലൈ 27നാണ് ഖാസിമിനായി അക്കൗണ്ടുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. തുടക്കത്തില്‍ വളരെ മന്ദഗതിയിലായിരുന്നു ഫണ്ട് വരവ്. എന്നാല്‍, മാട്ടൂല്‍ മുഹമ്മദ് ചികിത്സ സഹായ കമ്മിറ്റി 8.5 കോടി രൂപ ല്‍കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഫണ്ടിന് വേഗത കൈ വന്നത്.

സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ചികിത്സാ സഹായ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിജ ബാലകൃഷ്ണന്‍ പറഞ്ഞു. തളിപ്പറമ്പില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചികിത്സ സഹായ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്‌മാന്‍ പെരുവണ, കണ്‍വീനര്‍മാരായ എം.എം. അജ്മല്‍, ഉനൈസ് എരുവാട്ടി, മീഡിയാ കണ്‍വീനര്‍ കെ.എം.ആര്‍. റിയാസ് എന്നിവരും പങ്കെടുത്തു.
ALSO WATCH

 

Most Popular