Sunday, November 28, 2021
HomeNewsKeralaകോഴിക്കോട് നിന്ന് കാണാതായ രണ്ടര വയസ്സുകാരന്‍ കുളത്തില്‍ വീണു മരിച്ചു

കോഴിക്കോട് നിന്ന് കാണാതായ രണ്ടര വയസ്സുകാരന്‍ കുളത്തില്‍ വീണു മരിച്ചു

കോഴിക്കോട്: നാദാപുരം കല്ലാച്ചിയിലെ വീട്ടില്‍ നിന്ന് ഇന്ന് രാവിലെ കാണാതായ കുട്ടി സമീപത്തെ കുളത്തില്‍ വീണു മരിച്ചു. നാദാപുരം കല്ലാച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ജിഷ മോള്‍ അഗസ്റ്റിന്റെയും ആലക്കോട് കരുവഞ്ചാല്‍ ചമ്പനാനിക്കല്‍ സുജിത്ത് സെബാസ്റ്റ്യന്റെയും ഇളയ മകന്‍ ജിയാന്‍ സുജിത്ത് (രണ്ടര) ആണ് മരിച്ചത്. കല്ലാച്ചി പയന്തോങ്ങില്‍ ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കുളത്തില്‍ വീണ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

രാവിലെ മുതല്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കുളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് കുളത്തില്‍ കുട്ടിയെ കണ്ടെത്തുന്നത്. സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ഒരു മണിയോടെ മരിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കണ്ണൂര്‍ ജില്ലയില്‍ നിന്ന് സ്ഥലം മാറി കല്ലാച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് വന്നതായിരുന്നു ഫിസിക്‌സ് അധ്യാപികയായ ജിഷ മോള്‍ അഗസ്റ്റിനും കുടുംബവും. പത്ത് മണിയോടെ കാണാതായ കുട്ടി എങ്ങിനെ കുളത്തിലെത്തിയെന്ന കാര്യം വ്യക്തമായിട്ടില്ല. ക്വാട്ടേഴ്‌സിലുള്ള ആളുകളുടെ കണ്ണ് വെട്ടിച്ച് എങ്ങനെ കുളത്തിന് അടുത്ത് രണ്ടര വയസുകാരനെത്തിയെന്നതാണ് ഏവരെയും അമ്പരിപ്പിക്കുന്നത്.

 

Most Popular