Monday, June 21, 2021
Home News Kerala സ്വകാര്യ ആശുപത്രികളില്‍ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികില്‍സയ്ക്ക് മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി

സ്വകാര്യ ആശുപത്രികളില്‍ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികില്‍സയ്ക്ക് മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റി വയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി കൂടുതല്‍ ആശുപത്രികള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചത്. ചികിത്സക്ക് അമിത നിരക്ക് ഈടാക്കരുതെന്നായിരുന്നു മുഖ്യമന്ത്രി മുന്നോട്ടുവച്ച പ്രധാന നിര്‍ദേശം. ആശുപത്രികളില്‍
ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ പരമാവധി ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സാധാരണക്കാര്‍ക്ക് കൂടി ആശ്രയിക്കാന്‍ പറ്റുന്ന തരത്തില്‍ നിരക്ക് ഏകീകരിക്കുകയോ കുറയ്ക്കുകയോ ചെയ്യാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകണം. ആംബുലന്‍സ് സേവനം ഉറപ്പാക്കണം. ഏകോപനം ഉറപ്പിക്കാന്‍ 108 ആംബുലസ് സര്‍വീസുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം കിടക്കകളും ചികിത്സയും ഒരുക്കാമെന്ന് സമ്മതിച്ച മാനേജ്മെന്റ് അസോസിയേഷന്‍ പക്ഷെ ചികിത്സകള്‍ക്ക് ഒരേ നിരക്ക് ഈടാക്കാന്‍ ആകില്ലെന്ന് അറിയിച്ചു. ഓരോ ആശുപത്രിയുടെയും നിലവാരം അനുസരിച്ചാകും ചികിത്സാ നിരക്ക് എന്നാണ് അസോസിയേഷന്‍ നിലപാട്.
ALSO WATCH

Most Popular