Friday, June 25, 2021
Home News Kerala സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാംഘട്ട നൂറുദിന കര്‍മപരിപാടി; ജനുവരിയില്‍ പ്രവാസിക്ഷേമ പദ്ധതികളുടെ പ്രഖ്യാപനം

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാംഘട്ട നൂറുദിന കര്‍മപരിപാടി; ജനുവരിയില്‍ പ്രവാസിക്ഷേമ പദ്ധതികളുടെ പ്രഖ്യാപനം

തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍നിന്ന് പുറത്തുകടക്കാനുള്ള സമയബന്ധിത കര്‍മപപദ്ധതിയെന്ന നിലയിലാണ് 100 ദിന പരിപാടി വിഭാവനം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകളുടെ തുക ഉയര്‍ത്തി, സൗജന്യ ഭക്ഷ്യകിറ്റ് വിതരണം സംബന്ധിച്ചും പുതിയ അറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദ്യ 10-0 ദിന പരിപാടി സൃഷ്ടിച്ച അനന്യമായ മുന്നേറ്റം സംസ്ഥാന സമ്പദ്ഘടനയുടെ വീണ്ടെടുപ്പില്‍ പ്രതിഫലിക്കുന്നു. സംസ്ഥാനത്തിന്റെ വരുമാന വളര്‍ച്ചയിലെ ഇടിവ് ദേശീയ ശരാശരിയേക്കാള്‍ താഴെയായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈ പ്രവണത ശക്തിപ്പെടുത്തുന്നതിനൊപ്പം കുതിച്ചുകയറ്റംകൂടി ലക്ഷ്യമിട്ടാണ് രണ്ടാം 100 ദിന പരിപാടി. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍കള്‍ നൂറ് രൂപ വീതം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് സര്‍ക്കാറിന്റെ രണ്ടാം ഘട്ട പ്രഖ്യാപനവും.

രണ്ടാംഘട്ട നൂറുദിന പരിപാടിയുടെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങാന്‍ നവജീവന്‍ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പാ ധനസഹായം അനുവദിക്കുന്നതാണ് പദ്ധതി. ഇതിന് മുതിര്‍ന്ന പൗരന്മാരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും. ദേശസാല്‍ക്കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ജില്ല-സംസ്ഥാന സഹകരണ ബാങ്കുകള്‍, കെഎസ്എഫ്ഇ, മറ്റു ധനസ്ഥാപനങ്ങള്‍ എന്നിവ വഴി സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കും. അപേക്ഷകര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുണ്ടാകണം. അപേക്ഷിക്കുന്ന വര്‍ഷത്തിലെ ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുക. വ്യക്തിഗത വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. യഥാസമയം രജിസ്‌ട്രേഷന്‍ പുതുക്കിയവര്‍ക്ക് മുന്‍ഗണന. ബാങ്ക് വായ്പയുടെ 25 ശതമാനം സബ്‌സിഡി അനുവദിക്കും. പരമാവധി 12,500 രൂപ. കാറ്ററിങ്, പലചരക്ക് കട, വസ്ത്രം–റെഡിമെയ്ഡ് ഷോപ്പ്, കുട നിര്‍മാണം, ഓട്ടോ മൊബൈല്‍ സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പ്, മെഴുകുതിരി–സോപ്പ് നിര്‍മാണം, ഡിടിപി, തയ്യല്‍ കട, ഇന്റര്‍നെറ്റ് കഫേ തുടങ്ങിയവയും പ്രാദേശിക വിജയസാധ്യതയുള്ള സംരംഭങ്ങളും ആരംഭിക്കാം. വ്യക്തിഗത സംരംഭങ്ങള്‍ക്കാണ് മുന്‍ഗണന. സംയുക്തസംരംഭങ്ങളും ആരംഭിക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.

അതേസമയം തിരിച്ചെത്തിയ പ്രവാസികള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ക്കായി ലഭിച്ച നിര്‍ദേശങ്ങളില്‍ നടപ്പാക്കാനാകുന്ന പ്രോജക്ടുകള്‍ ജനുവരിയില്‍ പ്രഖ്യാപിക്കുന്നതാണ്. അതോടൊപ്പം ഇരുപത് ലക്ഷം കുടുംബത്തിന് സൗജന്യ ഇന്റര്‍നെറ്റ് എത്തിക്കുന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ യാഥാര്‍ഥ്യമാകുന്നു. പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഡിജിറ്റല്‍ കേരള എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിനുള്ള നിര്‍ണായക കാല്‍വയ്പാകും ഇതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കണ്‍ട്രോള്‍ റൂം, 14 ജില്ലാ കേന്ദ്രം, തെരഞ്ഞെടുക്കപ്പെട്ട ഓഫീസുകളുടെ നെറ്റ്വര്‍ക്കിങ് എന്നിവയടങ്ങുന്നതാണ് ഒന്നാംഘട്ടം. ബിപിഎല്‍ കുടുംബങ്ങളിലേക്കും 30,000 സര്‍ക്കാര്‍ ഓഫീസിലേക്കും ഏതാനും മാസത്തിനുള്ളില്‍ ഇന്റര്‍നെറ്റ് എത്തും.

സംസ്ഥാനത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ വികസനത്തുടര്‍ച്ചയ്ക്കുള്ള പദ്ധതികളും 100 ദിന പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. 49 പ്രാഥമികാരോഗ്യകേന്ദ്രം കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകും. 32 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കും. 53 ജനറല്‍–ജില്ല–താലൂക്ക് ആസ്ഥാന ആശുപത്രികളില്‍ ഡയാലിസിസ്, പുതിയ ഒപി ബ്ലോക്ക്, രോഗീസൗഹൃദ സംവിധാനങ്ങള്‍ എന്നിവയൊരുക്കും. മഹാരാജാസ്, യൂണിവേഴ്‌സിറ്റി കോളേജ്, കേരളവര്‍മ കോളേജ് ഉള്‍പ്പെടെ 13 കോളേജിലും എംജി സര്‍വകലാശാലാ ക്യാമ്പസിലുമായി കിഫ്ബി വഴി 205 കോടിയുടെ പ്രവൃത്തികള്‍ തുടങ്ങും. എ പി ജെ അബ്ദുള്‍കലാം സര്‍വകലാശാലാ ക്യാമ്പസിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ശിലയിടും. കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം, വി ടി ഭട്ടതിരിപ്പാട് സ്മാരക സമുച്ചയത്തിന്റെ ആദ്യഘട്ടം എന്നിവയുടെ നിര്‍മാണം തുടങ്ങും. കാസര്‍കോട് സുബ്രഹ്മണ്യം തിരുമുമ്പ് സാംസ്‌കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട നിര്‍മാണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. ഗോവിന്ദപൈ സ്മാരകം, കൊല്ലം ബസവേശ്വര സ്മാരകം എന്നിവയടക്കം ഒമ്പത് സാംസ്‌കാരികകേന്ദ്രം ഉദ്ഘാടനം ചെയ്യും.

കെഎസ്ആര്‍ടിസിയുടെ അനുബന്ധ കമ്പനിയായി ‘കെഎസ്ആര്‍ടിസി സ്വിഫ്റ്റ്’ ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറ് ദിന കര്‍മപദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണിത്. ‘സ്വിഫ്റ്റി’ന് കീഴിലാണ് കിഫ്ബി മുഖേന വാങ്ങുന്ന ആധുനിക ബസുകള്‍ സര്‍വീസ് നടത്തുക. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് വാങ്ങുന്ന 100 ബസ് ജനുവരിയില്‍ നിരത്തിലിറക്കും. ദീര്‍ഘദൂര സര്‍വ്വീസുകളില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്ന ‘സ്വിഫ്റ്റ്’ ജനുവരി ആദ്യവാരത്തോടെ നിലവില്‍ വരും. ആലപ്പുഴ കെഎസ്ആര്‍ടിസി ഗ്യാരേജിന്റെ പണികള്‍ ആരംഭിക്കുന്നതോടൊപ്പം 145 കോടി രൂപ അടങ്കലുള്ള ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ ശിലാസ്ഥാപനവും ഇക്കാലയളവില്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ 151 എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 721 പുതിയ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2014ല്‍ പുതിയ കോഴ്സുകള്‍ അനുവദിച്ച്, എന്നാല്‍ തസ്തിക നല്‍കാതിരുന്ന കോളേജുകള്‍ക്കാണ് സാമ്പത്തിക പരിമിതികള്‍ക്കിടയിലും 721 തസ്തിക സൃഷ്ടിക്കാന്‍ അനുമതി നല്‍കിയത്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ കാലോചിതമായ ഉടച്ചുവാര്‍ക്കല്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ മുന്നേറുമ്പോഴാണ് പുതിയ തസ്തികകളും അനുവദിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം എയ്ഡഡ് കോളേജുകളില്‍മാത്രം 197 പുതിയ കോഴ്സ് അനുവദിച്ചിട്ടുണ്ട്. ആവശ്യമായ തസ്തികകള്‍ അടുത്തഘട്ടമായി അനുവദിക്കും. 374 അധ്യാപകരുടെയും 27 അനധ്യാപകരുടെയും പുതിയ തസ്തികകളും സൃഷ്ടിച്ചു. എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 30 തസ്തിക, സര്‍ക്കാര്‍ എന്‍ജിനിയറിങ്, പോളിടെക്‌നിക്കിലായി 497 അധ്യാപക തസ്തിക. സര്‍വകലാശാലകളില്‍ 2198 അസിസ്റ്റന്റ്, 825 കംപ്യൂട്ടര്‍ അസിസ്റ്റന്റ്, കോമണ്‍ പൂള്‍ ലൈബ്രറി വിഭാഗത്തില്‍ 93 ലൈബ്രറി അസിസ്റ്റന്റ് നിയമനങ്ങളും നടത്തി ഉന്നത വിദ്യാഭ്യാസമേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സര്‍വകാല റെക്കോഡാണ് നിയമനകാര്യത്തില്‍മാത്രം സൃഷ്ടിച്ചത്.

കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലേക്ക് 235 തസ്തിക സൃഷ്ടിക്കും. കമ്പനിക്ക് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. 65 കോടി രൂപ ചെലവില്‍ കെഎംഎംഎല്ലില്‍ പുതുതായി അഞ്ച് ടിപിഎച്ച് പ്രഷര്‍ ഫില്‍ട്രേഷനും സ്പിന്‍ പ്ലാഷ് ഡ്രൈയിങ് സിസ്റ്റവും സ്ഥാപിക്കും.

പൈതൃക പഠനകേന്ദ്രത്തിലെ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് 10-ാം ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതാണ്. ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷനിലെ അംഗീകൃത തസ്തികകളിലുള്ള ജീവനക്കാര്‍ക്കും ശമ്പള പരിഷ്‌കരണം നടപ്പാക്കുംന്നതാണ്. അതോടൊപ്പം കിലയില്‍ കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന 10 വര്‍ഷ സര്‍വീസുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തും.

അതേസമയം 2018ലെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച രജിസ്റ്റര്‍ചെയ്ത അലങ്കാര മത്സ്യക്കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 7.9 ലക്ഷം രൂപ അനുവദിക്കുന്നതാണ്.

അതേസമയം സംസ്ഥാനത്തെ മുഴുവന്‍ തെരുവിലും എല്‍ഇഡി വെളിച്ചം നിറയും. നിലവിലെ തെരുവു വിളക്കുകള്‍ മാറ്റി പകരം എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുന്ന ‘നിലാവ്’ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതി മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കും. എല്‍ഇഡി സ്ഥാപിക്കുന്നതോടെ നിരത്തുകളില്‍ കൂടുതല്‍ പ്രകാശവും വൈദ്യുതി ബില്ലില്‍ 50 ശതമാനംവരെ കുറവും ഉണ്ടാകും. പരിപാലനച്ചെലവും കുറഞ്ഞ ഇവ പരിസ്ഥിതിക്കും ഗുണകരമാണ്. 296 കോടി രൂപയാണ് ചെലവ്. കിഫ്ബിയില്‍നിന്ന് പണം കണ്ടെത്തും. തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യപ്രകാരം കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന് കീഴിലെ ഇഇഎസ്എല്‍ വഴി കെഎസ്ഇബി ബള്‍ബ് വാങ്ങി സ്ഥാപിച്ചു കൊടുക്കും. പരിപാലനം തദ്ദേശസ്ഥാപനങ്ങളുടെ ചുമതല. തദ്ദേശസ്ഥാപനങ്ങള്‍ കെഎസ്ഇബിക്ക് വരിസംഖ്യ അടയ്ക്കണം. ജനുവരി ഒന്നുമുതല്‍ നിലവിലെ ബള്‍ബുകള്‍ മാറ്റും. ഫെബ്രുവരിയോടെ രണ്ട് ലക്ഷം ബള്‍ബ് സ്ഥാപിക്കും. മൂന്നുമാസത്തിനകം 8.5 ലക്ഷം എല്‍ഇഡി ബള്‍ബ് സംസ്ഥാനത്തെ തെരുവുകളില്‍ വെളിച്ചം ചൊരിയും. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് നിലാവ്. അതോടൊപ്പം മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് 38.73 കോടി രൂപകൂടി അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് തുക അനുവദിക്കുക. നേരത്തേ 961 കോടി അനുവദിച്ചിരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാന പട്ടികജാതി- പട്ടിക ഗോത്രവര്‍ഗ കമീഷന്‍ അധ്യക്ഷനായി ബി എസ് മാവോജിയെ നിയമിക്കും. അംഗങ്ങളായി മുന്‍ എംപി എസ് അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍ (ഇടുക്കി) എന്നിവരെയും നിയമിക്കും. നയപ്രഖ്യാപന പ്രസംഗ കരടിന് അംഗീകാരം. 2021ലെ നിയമസഭാ സമ്മേളനത്തിലേക്കുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ബജറ്റ് സമ്മേളനം നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും ആരംഭിക്കുക.

സംസ്ഥാന സര്‍വീസില്‍നിന്ന് ഐഎഎസ് ലഭിച്ച മൂന്നുപേര്‍ക്ക് പുതിയ ചുമതല നിശ്ചയിച്ചു. എ ഷിബുവിന് ഹൗസിങ് കമീഷണറായാണ് നിയമനം. ഹൗസിങ് ബോര്‍ഡ് സെക്രട്ടറിയുടെ അധിക ചുമതലയുമുണ്ടാകും. ജോണ്‍ വി സാമുവല്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയാകും. വി ആര്‍ വിനോദിനെ റൂറല്‍ ഡെവലപ്‌മെന്റ് കമീഷണറായി നിയമിക്കും. 31ന് എ പത്മകുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യം വെച്ചുള്ള സുപ്രധാന പ്രഖ്യാപനങ്ങളുമായാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്.

പ്രകടനപത്രികയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച 600 ഇന പരിപാടിയില്‍ 570ഉം പൂര്‍ത്തിയാക്കി. ബാക്കിയുള്ളവ വേഗത്തില്‍ പൂര്‍ത്തിയാക്കും. പ്രകടനപത്രികയില്‍ ഉള്‍പ്പെടാത്ത നൂറുകണക്കിന് പദ്ധതികളും പരിപാടികളും സര്‍ക്കാര്‍ നടപ്പാക്കി. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കൃത്യമായി പരിശോധിക്കാനും വിലയിരുത്താനും കഴിയണമെന്ന നിര്‍ബന്ധംകൊണ്ടാണ് ഓരോ വര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യത്ത് നിലനില്‍ക്കുന്ന ഏത് അളവുകോല്‍ പ്രകാരവും അഭിമാനകരമായ നേട്ടമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular