നാടിനെ നടുക്കി ദുരന്തം; കാസര്‍കോഡ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു; സംഭവം നോമ്പുതുറ സമയത്ത്

three kids drowned in kasaragod

കാഞ്ഞങ്ങാട്: ഒരു കുടുംബത്തിലെ മൂന്നു കുട്ടികളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാവാ നഗറിലെ നുറുദ്ദീന്റെയും മഹ്‌റൂഫിന്റെയും മകന്‍ മുഹമ്മദ് ബാഷിര്‍ (4), നാസറിന്റെയും താഹിറയുടെയും മകന്‍ അജ്‌നാസ് (6), സാമിറിന്റെയും റസിയയുടെയും മകന്‍ നിഷാദ് (6) എന്നിവരാണ് മരിച്ചത്. കല്ലൂരാവി ബാവ നഗര്‍ കാപ്പില്‍ വെള്ളക്കെട്ടിലെ ചതുപ്പില്‍ മുങ്ങിയാണ് മൂന്ന് കുട്ടികളും മരിച്ചത്. ഒരേവീട്ടില്‍ തന്നെ താമസിക്കുന്ന മൂന്ന് കുട്ടികളും വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

വീട്ടുകാര്‍ അകത്ത് നോമ്പ് തുറക്കുള്ള ഒരുക്കത്തിലായിരുന്നു. വിഭവങ്ങള്‍ തയ്യാറാക്കി കുട്ടികളെ നോക്കിയപ്പോള്‍ കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൂന്ന് കുട്ടികളെയും ചതുപ്പില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഈ സമയത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. മഗ്രിബിനു ശേഷമാണ് വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള ചതുപ്പില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അജ്‌നാസും നിഷാദും കടപ്പുറം പിടിഎസ്എല്‍പി സ്്കൂളിലെ യുകെജി വിദ്യാര്‍ഥികളാണ്. മുന്‍ നഗരസഭാ കൗണ്‍സിലര്‍ റഹ്‌മത്ത് മജീദിന്റെ മകനാണ് ബാഷിര്‍.