കേരളത്തില്‍ 39 പേര്‍ക്ക് കൂടി കൊറോണ; 34 പേര്‍ കാസര്‍കോഡ് ജില്ലയില്‍; സംസ്ഥാനത്തെ സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി

pinarayi vijayan home quarantine

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ ചികില്‍സയിലുള്ളവര്‍ 164 ആയി. ഇതില്‍ 34 പേര്‍ കാസര്‍കോട് ജില്ലയിലാണ്. കണ്ണൂര്‍ രണ്ട്, തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഒരാള്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു.

കൊല്ലത്ത് ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നു മാത്രം 12 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇടുക്കിയിലെ കൊറോണ ബാധിതന്‍ സംസ്ഥാനമാകെ സഞ്ചരിച്ചു. നിയമസഭാ മന്ദിരത്തിലും സെക്രട്ടേറിയറ്റിലും എത്തി. സംസ്ഥാനത്തെ സ്ഥിതി ഗൗരവതരമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാസര്‍കോഡ് ജില്ലയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജ് കെട്ടിടം അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കും. മറ്റു സൗകര്യങ്ങളും ഒരുക്കും. കണ്ണൂര്‍ മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയാക്കും. കാസര്‍കോഡ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയെ കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രമാക്കും. ടെസ്റ്റിങ് സൗകര്യം ആവശ്യത്തിന് ഒരുക്കും. കാസര്‍കോഡ് മെഡിക്കല്‍ കോളജ് ആശുപത്രിയെ പെട്ടെന്ന് തന്നെ കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

39 new corona cases in kerala