Sunday, June 13, 2021
Home News Kerala കേരളത്തില്‍ 61 പേര്‍ക്ക് കൂടി കോവിഡ്; 15 പേര്‍ക്ക് രോഗം ഭേദമായി

കേരളത്തില്‍ 61 പേര്‍ക്ക് കൂടി കോവിഡ്; 15 പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് 10 പേര്‍ക്കും കണ്ണൂര്‍ 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് 3 പേര്‍ക്ക് വീതവും കോഴിക്കോട് 2 പേര്‍ക്കും എറണാകുളം ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 20 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-8, കുവൈത്ത്-5, ഒമാന്‍-4, സൗദി അറേബ്യ-1, ഖത്തര്‍-1, മാലിദ്വീപ്-1) 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-20, തമിഴ്നാട്-6, ഡല്‍ഹി-5, കര്‍ണാടക-4, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേര്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും (ഒരു കാസര്‍ഗോഡ് സ്വദേശി), കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേരുടെയും പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 670 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 590 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് 10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശേരി മുന്‍സിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുന്‍സിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്പോട്ടുകളില്‍ കണ്ടൈന്‍മെന്റ് സോണുകളില്ല. നിലവില്‍ ആകെ 116 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

61 more covid cases in kerala today


 

Most Popular