Saturday, October 23, 2021
HomeNewsKeralaകേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 90 ശതമാനത്തിലേറെയും വാക്‌സിനെടുക്കാത്തവര്‍

കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 90 ശതമാനത്തിലേറെയും വാക്‌സിനെടുക്കാത്തവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 90 ശതമാനത്തിലേറെ പേര്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പിന്റെ പഠനം. ജൂണ്‍ 18 മുതല്‍ സെപ്തംബര്‍ 3 വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരില്‍ വാക്‌സിന്‍ എടുത്തിരുന്നത് 905 പേര്‍ (9.84%) മാത്രമാണ്. ഇതില്‍ രണ്ട് ഡോസും എടുത്തവര്‍ 200 പേര്‍ മാത്രമേയുള്ളു.

വാക്‌സിന്‍ എടുത്തവരിലെ മരണനിരക്ക് ആരോഗ്യവകുപ്പ് കണക്കാക്കുന്നത് ആദ്യമായാണ്. 45 വയസ്സിനു മുകളിലുള്ള 92% പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്നാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍, പ്രായാധിക്യവും ഗുരുതര രോഗങ്ങളുമുള്ള ഒട്ടേറെപ്പേര്‍ ഇപ്പോഴും കുത്തിവയ്പ് എടുത്തിട്ടില്ലെന്നും ഇവര്‍ ജാഗ്രത പാലിക്കണമെന്നുമുള്ള സൂചന കൂടിയാണ് ഈ റിപ്പോര്‍ട്ട്.

വാക്‌സിന്‍ എടുത്തശേഷം കോവിഡ് വന്നു മരിച്ചവരില്‍ ഏതാണ്ട് 700 പേര്‍ ഒരു ഡോസ് മാത്രം എടുത്തവരാണ്. മരിച്ചവരില്‍ ഏതാണ്ട് 200 പേരാണ് 2 ഡോസും എടുത്തിരുന്നത്. ഇവരില്‍ ഭൂരിഭാഗവും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരായിരുന്നുവെന്നാണ് വിലയിരുത്തല്‍.

ഡെല്‍റ്റ വകഭേദം മൂലം രോഗവ്യാപനം തീവ്രമായ ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത് തൃശൂര്‍ ജില്ലയിലാണ് 1021. ഇതില്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തത് 60 പേര്‍ മാത്രമായിരുന്നു. പാലക്കാട്ടു മരിച്ച 958 പേരില്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തിരുന്നത് 89 പേര്‍ മാത്രം. വാക്‌സിന്‍ എടുത്തശേഷം അന്‍പതിലേറെപ്പേര്‍ മരിച്ച മറ്റു ജില്ലകള്‍ എറണാകുളം 81, കോഴിക്കോട് 74, മലപ്പുറം 73, പത്തനംതിട്ട 53.

മരിച്ച 9195 പേരില്‍ 6200 പേര്‍ (67.43%) ഗുരുതര രോഗബാധിതരായിരുന്നു. 2995 പേരാണ് കാര്യമായ രോഗങ്ങളില്ലാതെ കോവിഡിനു കീഴടങ്ങിയത്.

Most Popular