Wednesday, June 23, 2021
Home News Kerala അഭയ വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ

അഭയ വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ

തിരുവനന്തപുരം: പയസ് ടെന്‍ത്ത് കോണ്‍വന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് സിബിഐ കോടതി. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്കെതിരെ തിരുവനന്തപുരം സിബിഐ കോടതിയില്‍ ജഡ്ജി കെ.സനല്‍കുമാറാണ് ശിക്ഷ വിധിച്ചത്.

കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. മഠത്തിലേക്ക് അതിക്രമിച്ചു കടന്നതിന് ഒരു ലക്ഷം രൂപയുടെ അധികപിഴ കൂടി ഫാദര്‍ തോമസ് കോട്ടൂരിന് സിബിഐ കോടതി വിധിച്ചിട്ടുണ്ട്. പ്രതികള്‍ രണ്ട് പേരും പിഴ ശിക്ഷ അടയ്ക്കാത്ത വിധം ഒരു വര്‍ഷം കൂടി അധികതടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സിബിഐ കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിധി പ്രസ്താവത്തിനായി മുന്‍പായി പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയില്‍ അന്തിമവാദം നടത്തി. കൊലക്കുറ്റം തെളിഞ്ഞതിനാല്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം ഫാദര്‍ കോട്ടൂര്‍ കോണ്‍വെന്റില്‍ അതിക്രമിച്ച് കയറി കുറ്റകൃത്യം നടത്തിയെന്നത് ഗൗരവതരമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അഭയവധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നും പരാമവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അഭയയുടേത് ആസൂത്രിതമായ കൊലപാതകമായിരുന്നോ എന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അല്ലെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ എം. നവാസ് മറുപടി നല്‍കി.

കേസിലെ രണ്ടിലെ പ്രതികളും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസില്‍ ഒന്നാം പ്രതിയായ ഫാദര്‍ കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും അദ്ദേഹത്തിന് 73 വയസ് പ്രായമുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിന്റെ വാദം അവസാനിച്ച ശേഷം ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ജഡ്ജിക്ക് അരികിലെത്തി അഭ്യര്‍ത്ഥിച്ചു. താന്‍ നിരപരാധിയാണെന്നും ദിവസവും 20 എം.ജി ഇന്‍സുലിന്‍ വേണമെന്നും കോട്ടൂര്‍ കോടതിയില്‍ പറഞ്ഞു. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അതിനും ചികിത്സയും മരുന്നുമുണ്ടെന്നും ഫാദര്‍ കോട്ടൂര്‍ കോടതിയെ അറിയിച്ചു. കോട്ടൂരിന് പിന്നാലെ സിസ്റ്റര്‍ സ്റ്റെഫി സിബിഐ ജഡ്ജിക്ക് സമീപത്തേക്ക് വന്നു താന്‍ നിരപരാധിയാണെന്നും ക്‌നായ നിയമപ്രകാരം ഒരു വൈദികന്‍ കന്യാസ്ത്രീക്ക് പിതാവിനെ പോലെയാണെന്നും അതിനാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സിസ്റ്റര്‍ സ്റ്റെഫി പറഞ്ഞു. തനിക്ക് രോഗികളായ മാതാപിതാക്കളുണ്ടെന്നും അവരുടെ സംരക്ഷണം തന്റെ ഉത്തരവാദിത്തമാണെന്നും സ്റ്റെഫി കോടതിയെ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയ സ്റ്റെഫി തനിക്ക് പെന്‍ഷനുണ്ടെന്നും ആ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും പറഞ്ഞു. കോടതിമുറിയില്‍ വാദങ്ങള്‍ പുരോഗമിക്കുമ്പോള്‍ അതെല്ലാം കണ്ണടച്ച് കേട്ടിരിക്കുകയായിരുന്നു സിസ്റ്റര്‍ സ്റ്റെഫി.

അഭയക്കേസിലെ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിനെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫിക്കെതിരെ കൊലപാതവും തെളിവു നശിപ്പിലുമാണ് തെളിഞ്ഞത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.

കേസിലെ രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലെ വേണ്ടത്ര തെളിവുകളില്ലാത്തിനാല്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സിബിഐ തീരുമാനിച്ചിട്ടുണ്ട്. രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ ഉള്‍പ്പെടെ 8 പേര്‍ കേസില്‍ കൂറുമാറിയിരുന്നു. വിചാരണയ്ക്കിടെ കൂറുമാറിയ ഒന്നാം സാക്ഷിയായ സഞ്ചു പിമാത്യുവിനെതിരെ നിയമനടപടിയും സിബിഐ ആരംഭിച്ചിട്ടുണ്ട്.

കേസിന്റെ വിധി പ്രസ്താവം കേള്‍ക്കാന്‍ വലിയ ആള്‍ക്കൂട്ടമാണ് കോടതിയില്‍ ഉണ്ടായത്. അഭിഭാഷകരും നിയമവിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരും കന്യാസ്ത്രീകളും പ്രതികളുടെ ബന്ധുക്കളുമടക്കം നിരവധി പേര്‍ കേരള ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കേസിന്റെ അവസാന വിചാരണ ദിവസം കോടതി മുറിയില്‍ എത്തിയിരുന്നു. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ നിര്‍ണായക വിധി പ്രഖ്യാപനം ഉണ്ടാകുന്നത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്.

Most Popular