നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹമോചനത്തിലേക്കെന്ന് സൂചനകൾ

കൊല്ലം: നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹമോചനത്തിലേക്കെന്ന് സൂചനകൾ . കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നും റിപോര്‍ട്ടുണ്ട്. മകനുമൊപ്പം പാലക്കാട് സ്വന്തം വീട്ടിലാണ് ഇവരെന്നാണ് സൂചന. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഇരുവരുടെ വിവാഹ സമയത്ത് മുകേഷിന്റെ മുൻ ഭാര്യ സരിത ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതേ ആരോപണങ്ങൾ തന്നെയാണ് മേതിൽ ദേവികയും പരാമര്ശിക്കുന്നതെന്നാണ് സൂചനകൾ.

മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് സരിതയെ പ്രണയിച്ച്‌ വിവാഹം കഴിക്കുകയായിരുന്നു. 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ താന്‍ എല്ലാം സഹിക്കുകയായിരുന്നു എന്നും മുകേഷിനു വേണ്ടി താന്‍ ഒരുപാട് അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്തുവെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍.മറ്റു പല സ്ത്രീകളേയും പോലെ ഞാനും എന്റെ ഭര്‍ത്താവിന്റെ നിരന്തരമായ മാനസിക പീഢനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നുവെന്നും വീട്ടിലെ പ്രശ്നങ്ങള്‍ പുറത്തറിയാതിരിക്കാന്‍ എല്ലാം മൂടി വയ്ക്കുകയായിരുന്നുവെന്നും അന്ന് സരിത പറഞ്ഞു.

സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം. ഇപ്പോള്‍ ഇതേ ആരോപണം തന്നെയാണ് മേതില്‍ ദേവികയും ഉന്നയിക്കുന്നത്. 22 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിട്ടും ഇരുവരും വിവാഹം കഴിച്ചത് ഏവരെയും അമ്പരിപ്പിച്ചിരുന്നു.

മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഭര്‍ത്താവെന്ന നിലയില്‍ മുകേഷ് പരാജയമാണെന്നും മദ്യപാനവും തെറിവിളിയും ഉണ്ടെന്നും പരസ്ത്രീ ബന്ധമുണ്ടെന്നും ഇതാണ് മേതില്‍ ദേവിക വിവാഹമോചനത്തിന് ഒരുങ്ങുന്നതിന്റെ കാരണമെന്നുമാണ് ഓൺലൈൻ മാധ്യമ റിപ്പോർട്ടുകൾ.