Monday, April 19, 2021
Home News Kerala ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എ പൂക്കുഞ്ഞ് അന്തരിച്ചു

ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എ പൂക്കുഞ്ഞ് അന്തരിച്ചു

ആലപ്പുഴ: കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് അന്തരിച്ചു. 74 വയസ്സായിരുന്നു. വൃക്ക, കരള്‍ രോഗങ്ങളെ തുടര്‍ന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം.

കായംകുളം കൊറ്റുകുളങ്ങര വലിയ ചെങ്കിലാത്ത് പരേതരായ ഹസനാരുകുഞ്ഞിന്റെയും സൈനബ ഉമ്മയുടെയും മകനാണ്. തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് എല്‍എല്‍ബിയും കോഴിക്കോട് ഗവ. ലോ കോളജില്‍നിന്ന് എല്‍എല്‍എമ്മും ജയിച്ചു. കെഎസ്യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കോഴിക്കോട് കോടതിയിലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്. പിന്നീട് മാവേലിക്കര കോടതിയിലും ആലപ്പുഴ ജില്ലാ കോടതിയിലും അഭിഭാഷകനായി.

ജമാഅത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റായി സമുദായ രംഗത്തും സജീവമായി. ഏറെക്കാലം കൗണ്‍സിലിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംസ്ഥാന വഖഫ് ബോര്‍ഡ് അംഗം, ആലപ്പുഴ ജില്ലാ ഗവ. പ്ലീഡര്‍ എന്നീ പദവികളും വഹിച്ചു. ഭാര്യ: മെഹറുന്നിസ (യൂക്കോ ബാങ്ക് മുന്‍ മാനേജര്‍). മക്കള്‍: അഡ്വ. വി പി ഉനൈസ് കുഞ്ഞ് (ആലപ്പുഴ ജില്ലാ കോടതി), അഡ്വ. വി പി ഉവൈസ് കുഞ്ഞ് (ബഹറൈന്‍). മരുമക്കള്‍: ഡോ. നിഷ ഉനൈസ്, വാഹിദ ഉവൈസ് (ബഹറൈന്‍).

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക്‌ 12 ന് ആലപ്പുഴ കിഴക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

സമുദായത്തിനായി ഓടിനടന്ന ജീവിതം

രാഷ്ട്രീയത്തിലാണു തുടങ്ങിയതെങ്കിലും തുറന്നു വച്ച ആ മനസ്സ് ഏറെയും ശ്രദ്ധിച്ചത് സമുദായ വിഷയങ്ങളിലായിരുന്നു. ജമാഅത്ത് കൗണ്‍സില്‍ എന്ന സംഘടനയ്ക്കു വേണ്ടി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു അത്. മഹല്ലുകളുടെ ഏകോപനമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം. അവയുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്താന്‍ നിയമാവലിയുണ്ടാക്കാനാണ് അഭിഭാഷക ബുദ്ധി ഏറെയും വിനിയോഗിച്ചത്.

സംസ്ഥാന വഖഫ് ബോര്‍ഡ് അംഗമെന്ന ചുമതല മാത്രമായിരുന്നു അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ പദവി. കെഎസ്യുവിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ബാലപാഠം സ്വീകരിച്ചെങ്കിലും പിന്നീട് മുസ്ലിം ലീഗായി അദ്ദേഹത്തിന്റെ പ്രസ്ഥാനം. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ കാലത്ത് എ.നീലലോഹിതദാസന്‍ നാടാരുടെ അടുത്ത സുഹൃത്തായിരുന്നു. സോഷ്യലിസ്റ്റ് നേതാവും ജമാഅത്ത് പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകനുമായ എസ് എം നൂഹിനോടൊപ്പമായിരുന്നു സമുദായ സംഘടനാ രംഗത്തെ തുടക്കം.

തികഞ്ഞ മതവിശ്വാസിയും മതേതരവാദിയുമായിരുന്നു അദ്ദേഹം. സമുദായം എന്നാല്‍ അദ്ദേഹത്തിനു സ്വന്തം മതം മാത്രമായിരുന്നില്ല. വിശാലാര്‍ഥത്തില്‍ അതു സമൂഹം തന്നെയായിരുന്നു. പിന്നാക്ക സമുദായങ്ങളുടെ ഐക്യം പ്രഖ്യാപിച്ച് അവകാശങ്ങള്‍ക്കായി രംഗത്തിറങ്ങാനും അദ്ദേഹം ഉണ്ടായിരുന്നു. പിന്നാക്ക സമുദായ സംരക്ഷണ സമിതിയുടെ അമരത്തുനിന്നത് വെള്ളാപ്പള്ളി നടേശന്റെയും വി.ദിനകരന്റെയും ഒപ്പമാണ്. അക്കാലത്തെ ആലപ്പുഴ ടീമായിരുന്നു ആ മൂവര്‍ സംഘം.

കോഴിക്കോട്ടും മാവേലിക്കരയിലും ആലപ്പുഴയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ച അദ്ദേഹം പണ്ട് ആലപ്പുഴയിലെ ഒരു പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയുമായി. എണ്‍പതുകളുടെ തുടക്കത്തിലായിരുന്നു അത്. ജനക്കൂട്ടത്തെ സംഘടിപ്പിച്ചതായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം. നഗരത്തിലെ പല ജംക്ഷനുകളിലും മൗലിദ് പാരായണ സദസ്സുകളുണ്ടായിരുന്നു. അതിനെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ പ്രക്ഷോഭമുണ്ടായി. ജനക്കൂട്ടവും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് വെടിവയ്പില്‍ രണ്ടുപേര്‍ മരിച്ചു. ആഭ്യന്തര മന്ത്രിയായിരുന്ന വയലാര്‍ രവിയെ കാണാന്‍ ജനങ്ങളെ നയിച്ചു ചെന്ന പൂക്കുഞ്ഞ് വക്കീലിന് ഒരു തലമുറയുടെ ഓര്‍മകളില്‍ ഇന്നും വീരപരിവേഷമുണ്ട്.

പാര്‍ലമെന്ററിനു മുമ്പില്‍ നടന്ന പോരാട്ടം, തനിനിറം പത്രത്തിനെതിരെ സംഘടിപ്പിച്ച സമരം, കിളളിയില്‍ പോലീസ് നരനായാട്ടിനെതിരെ സംഘടിപ്പിച്ച സമരം, അല്‍ അഖ്‌സ മോസ്‌ക് തീവെപ്പിനെതിരെ പതിനായിരങ്ങളെ ഇറക്കിനടത്തിയ പ്രകടനം ഇവയെല്ലാം അദ്ദേഹത്തിന്റെ പോരാട്ടങ്ങിലെ അദ്ധ്യായങ്ങളാണ്.

സമുദായ സംവരണത്തിനുവേണ്ടിയുളള നിയമ പോരാട്ടം ഇന്ന് സുപ്രിംകോടതിയില്‍ പെന്റിംഗിലാണ്. സമുദായ വിഷയങ്ങള്‍ സംസ്ഥാനത്ത് ഏതുഭാഗത്തു നിന്നുണ്ടായാലും ആദ്യം എത്താന്‍ സന്‍മനസ് കാണിച്ചിരുന്ന പോരാളിയായിരുന്നു അദ്ദേഹം.

കുട്ടിക്കാലത്തു ബാധിച്ച മഞ്ഞപ്പിത്തമാണ് അദ്ദേഹത്തിനു കരള്‍ സംബന്ധമായ പ്രയാസമുണ്ടാക്കിയത്. അടുത്തിടെ വൃക്കരോഗവും അലട്ടാന്‍ തുടങ്ങിയിരുന്നു.

Most Popular