Saturday, July 24, 2021
Home News Kerala അക്കിത്തം അന്തരിച്ചു

അക്കിത്തം അന്തരിച്ചു

തൃശൂര്‍: മലയാള സാഹിത്യ തറവാട്ടിലെ കാരണവരായ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.20ഓടെയായിരുന്നു അന്ത്യം. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാവിലെ 10.30ന് ഭൗതികശരീരം സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വച്ചു. ഉച്ചയോടെ പാലക്കാട് കുമരനെല്ലൂരിലെ വീട്ടില്‍ എത്തിക്കും. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിയോടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

അടുത്തിടെയാണ് അക്കിത്തത്തെ ജ്ഞാനപീഠം പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചത്.

പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം.

ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടി. 1946 മുതല്‍ മൂന്നു വര്‍ഷം ഉണ്ണി നമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണി നമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരായും പ്രവര്‍ത്തിച്ചു.

1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 75ല്‍ ആകാശവാണി തൃശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചു. 1985ല്‍ വിരമിച്ചു.

കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ലേഖനസമാഹാരം അടക്കം അമ്പതോളം കൃതികള്‍ മലയാള സാഹിത്യ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, ഇടിഞ്ഞു പൊളിഞ്ഞ ലോകം, പണ്ടത്തെ മേല്‍ശാന്തി, മാനസപൂജ, വെണ്ണക്കല്ലിന്റെ കഥ, മനസാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തെരഞ്ഞെടുത്ത കവിതകള്‍, കളിക്കൊട്ടിലില്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാര ദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ച് നാടോടിപ്പാട്ടുകള്‍, മാനസപൂജ തുടങ്ങിയവ പ്രശസ്ത കൃതികളാണ്. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും രചിച്ചിട്ടുണ്ട്.

1948-49ല്‍ കമ്യൂണിസ്റ്റുകാരുമായുണ്ടായിരുന്ന അടുപ്പത്തില്‍ നിന്നാണ് ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന വരികള്‍ ഉള്‍ക്കൊള്ളുന്ന ‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം’ എന്ന കവിത അക്കിത്തം രചിക്കുന്നത്. കവിത പുറത്ത് വന്നതോടെ ഇ.എം.എസ്. തുടങ്ങിയ നിരവധി കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അക്കിത്തം കമ്യൂണിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതക്ക് 1952ലെ സഞ്ജയന്‍ അവാര്‍ഡും ബലിദര്‍ശനം എന്ന കൃതിക്ക് 1972ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 2017ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ച കാവ്യപ്രതിഭക്ക് കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, ഓടക്കുഴല്‍, വള്ളത്തോള്‍, ആശാന്‍, വയലാര്‍, അമൃതകീര്‍ത്തി, മാതൃഭൂമി അടക്കമുള്ള പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷന്‍, കൊച്ചി ചങ്ങമ്പുഴ സ്മാരക സമിതി ഉപാധ്യക്ഷന്‍, കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍, തപസ്യ കലസാഹിത്യ വേദി അധ്യക്ഷന്‍, കടവല്ലൂര്‍ അന്യോന്യ പരിഷത്ത് പ്രസിഡന്റ്, പൊന്നാനി കേന്ദ്ര കലാസമിതി സെക്രട്ടറി തുടങ്ങിയവ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ ശ്രീദേവി അന്തര്‍ജനം കഴിഞ്ഞ വര്‍ഷം മരിച്ചു. പ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്. മകന്‍ വാസുദേവനും ചിത്രകാരനാണ്. മറ്റുമക്കള്‍: പാര്‍വ്വതി, ഇന്ദിര, ശ്രീജ, ലീല, നാരായണന്‍

Most Popular